മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ടെയ്‌ലറിംഗ് കടയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് റിപ്പോർട്ട്.
ഛത്രപതി സംബാജിനഗറിലെ കന്റോൺമെന്റ് ഏരിയയിലെ ദാന ബസാറിൽ ഇന്ന് പുലർച്ചേ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ടെയ്‌ലറിംഗ് ഷോപ്പ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. മുകൾ നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ചത്.
കടയിൽ തീപിടിച്ചതോടെ ഇതിന്റെ പുക മുകളിലേക്ക് പടരുകയായിരുന്നു. ഈ പുക ശ്വസിച്ചാണ് ഏഴുപേരും മരിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഔറംഗാബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Discussion about this post