ന്യൂഡൽഹി: ജയിലിൽ കിടന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാരം കുറഞ്ഞുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായതിനുശേഷം 4.5 കിലോ ഗ്രാം ഭാരമാണ് അരവിന്ദ് കെജ്രിവാളിന്റെ കുറഞ്ഞത് എന്ന് ഡൽഹി മന്ത്രി അതിഷി പറഞ്ഞു.
‘അരവിന്ദ് കെജ്രിവാൾ കടുത്ത പ്രമേഹരോഗിയാണ്. കെജ്രിവാളിന്റെ ആരോഗ്യം അപകടത്തിലാകുകയാണ്. എത്ര ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും അദ്ദേഹം രാജ്യത്തെ സേവിക്കാൻ 24 മണിക്കൂറും ജോലി ചെയ്യാറുണ്ടായിരുന്നു. അറസ്റ്റിലായതിന് ശേഷം അരവിന്ദ് കെജ്രിവാളിന്റെ ഭാരം 4.5 കിലോ ഗ്രാം കുറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഈ രാജ്യം മാത്രമല്ല, ദൈവം പോലും നിങ്ങളോട് പൊറുക്കില്ലെന്നും ‘ അതിഷി എക്‌സിൽ കുറിച്ചു.
അതേസമയം അതിഷിയുടെ ഈ ആരോപണത്തെ തിഹാർ ജയിലിലെ അധികൃതർ നിഷേധിച്ചു. ജയിലിൽ എത്തുമ്പോൾ എഎപി മേധാവിയുടെ ഭാരം 65 കിലോഗ്രാം ആയിരുന്നു. അത് ഇപ്പോഴും തുടരുന്നു. കെജ്രിവാളിന്റെ ആരോഗ്യനിലയും ഷുഗർ ലെവൽ തൃപ്തികരമാണെന്നും ജയിൽ അധികൃതർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഷുഗർ ലെവലിൽ വ്യതിയാനം സംഭവിച്ചിരുന്നു. ഇതോടെ ജയിലിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു കെജ്രിവാൾ എന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ അദ്ദേഹം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നീരിക്ഷണത്തിലാണ്.
ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് കെജ്രിവാൾ. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി ഭാര്യ സുനിത കെജ്രിവാളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചിരുന്നു. ജയിലിൽ കാണാൻ ആഗ്രഹിക്കുന്ന ആറ് പേരുടെ പട്ടിക കെജ്രിവാൾ കഴിഞ്ഞ ദിവസം ജയിൽ മേധാവിമാർക്ക് കൈമാറിയിരുന്നു. ഭാര്യ, മകൻ, മകൾ, കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ, ആംആദ്മി ജനറൽ സെക്രട്ടറി സന്ദീപ് പഥക് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
Discussion about this post