ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടം. പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലെ ഈ സീസണിലെ അവസാന ഹോം മത്സരമാണ് ഇന്ന് നടക്കാൻ പോകുന്നത്. എവേ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വുകമനോവിച്ചിന്റെ ടീം.
കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂരിനോട് സമനില വഴങ്ങിയ മഞ്ഞപ്പട സ്വന്തം കാണികൾക്ക് മുന്നിൽ ഇന്ന് വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നുണ്ടാകില്ല. പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ ഈസ്റ്റ് ബംഗാളിനെതിരെ ചില മാറ്റങ്ങളുമായിട്ടായിരിക്കും കോച്ച് ബ്ലാസ്റ്റേഴ്സിനെ ഇറക്കുക. പരിക്കേറ്റ ജസ്റ്റിൻ ഇമാനുവലിന് പകരക്കാരനായി ഫെദോർ സെർണിച്ച് കളത്തിൽ ഇറങ്ങിയേക്കും. ഡാനിഷ് ഫാറൂഖിന്റെ സ്ഥാനത്ത് ജിക്സൺ സിംഗ് എത്താനാണ് സാധ്യത. പ്രതിരോധത്തിൽ മിലോസ് ഡ്രിൻസിച്ചിന് വിശ്രമം നൽകിയേക്കും. പകരം ഹോർമിപാം കളിക്കുമെന്നാണ് സൂചന.
പരിക്ക് മാറിയ സൂപ്പർ താരം അഡ്രിയാൻ ലൂണ ടീമിനൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും ഇന്ന് കളത്തിൽ ഇറങ്ങാൻ സാധ്യത കുറവാണ്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ 30 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം കൂടാതെ 2 ലീഗ് മത്സരങ്ങൾ കൂടിയാണ് കൊമ്പന്മാർക്ക് ഇനി ബാക്കിയുള്ളത്.
അതേസമയം ഇന്ന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈസ്റ്റ് ബംഗാളിന്റെ അവശേഷിക്കുന്ന പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കും. 19 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. മത്സരത്തിന്റെ തത്സമയ സംപ്രേഷണം ജിയോ സിനിമയിലും സൂര്യ മൂവീസിലും ഉണ്ടാകും.
Discussion about this post