ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് നാണംകെട്ട തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ സ്വന്തം കാണികൾക്ക് മുന്നിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട അടിയറവ് പറഞ്ഞത്. ഐഎസ്എൽ പ്ലേ ഓഫ് ബെർത്ത് നേരത്തെ തന്നെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ചില മാറ്റങ്ങളുമായാണ് ഇന്ന് കൊച്ചിയിൽ ഇറങ്ങിയത്.
കളി പലപ്പോഴും കയ്യാങ്കളിയിലേക്ക് വഴിമാറിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് കളിക്കാരായ ജീക്സൺ സിങ്ങും നവോച്ച സിങ്ങും ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. 24 ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി തുടക്കത്തിൽ ആധിപത്യം നേടിയെങ്കിലും പിന്നീട് കാര്യങ്ങൾ പിഴയ്ക്കുകയായിരുന്നു. സ്റ്റാർട്ടിംഗ് ഇലവനിൽ കളിക്കാൻ ലഭിച്ച അവസരം മുതലാക്കി ഫെഡോർ സെർനിച്ചാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ എത്തിച്ചത്. മികച്ചൊരു നീക്കത്തിനൊടുവിലായിരുന്നു ഗോൾ.
എന്നാൽ, എതിർ താരത്തിനെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ജിക്സൺ സിംഗ് മൈതാനം വിട്ടത് കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി സമ്മാനിച്ചു. ഇഞ്ചുറി ടൈമിൽ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വിഷ്ണുവിനെ ബ്ലാസ്റ്റേഴ്‌സ് ഗോളി കരൺജിത്ത് ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത ക്രെസ്പോ ഈസ്റ്റ് ബംഗാളിനായി പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. ഇതോടെ സ്‌കോർ 1-1 ആയി.
71 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാൾ രണ്ടാം ഗോൾ നേടി ലീഡ് എടുത്തു. മഞ്ഞപ്പടയുടെ ഗോളിയുടെയും ഡിഫൻസിന്റെയും പിഴവുകൾ മുതലാക്കി ക്രെസ്പോയാണ് സന്ദർശകർക്കായി വീണ്ടും സ്‌കോർ ചെയ്തത്. തൊട്ടുപിന്നാലെ അമന്റെ മുഖത്ത് തല കൊണ്ട് ഇടിച്ചതിന് നവോച്ച സിങ്ങ് റെഡ് കാർഡ് വാങ്ങി കളം വിട്ടു. ഇതോടെ 9 പേരുമായി കളിക്കേണ്ട അവസ്ഥയായി ബ്ലാസ്റ്റേഴ്‌സിന്.
82 ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ ആഘാതം സൃഷ്ടിച്ച് സകായിയുടെ സെൽഫ് ഗോൾ സംഭവിച്ചു. സ്‌കോർ 3-1. രണ്ട് മിനിറ്റിനുള്ളിൽ ഈസ്റ്റ് ബംഗാളിനും പിഴച്ചു. ഹിജാസിന്റെ സെൽഫ് ഗോൾ ബ്ലാസ്റ്റേഴ്‌സിന് നേരിയ പ്രതീക്ഷ പകർന്നു. സ്‌കോർ 3-2 എന്ന് നിൽക്കെ, ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ച നാലാം ഗോൾ സ്വന്തമാക്കി. 87 ആം മിനിറ്റിൽ നവോറം മഹേഷായിരുന്നു കൊൽക്കത്ത ടീമിന്റെ വിജയ ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ തകർപ്പൻ ജയത്തോടെ ഈസ്റ്റ് ബംഗാൾ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. സീസണിലെ അവസാന ഹോം മത്സരം ജയിച്ച് വിജയവഴിയിൽ തിരിച്ചെത്താമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം കൊച്ചിയിൽ പൊലിഞ്ഞു.
Discussion about this post