ആലപ്പുഴ: വൈശ്യംഭാഗത്ത് ഹോംസ്‌റ്റേ ജീവനക്കാരിയായ അസം സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊലപ്പെട്ട ഹസീറ ഖാത്തൂന്റെ കാമുകൻ സാഹാ അലിയാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ നാല് വർഷത്തോളമായി അടുപ്പത്തിലായിരുന്നു.
നാട്ടിൽ ഭാര്യയും കുട്ടികളും ഉള്ള വ്യക്തിയാണ് സാഹാ അലി. ഹസീറയുമായുള്ള അടുപ്പത്തിന്റെ പേരിൽ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ, അസമിലേക്ക് പോയി ഒരുമിച്ച് താമസിക്കണമെന്ന് ഹസീറ നിരന്തരം നിർബന്ധം പിടിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
അസമിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് രാത്രി പ്രതി ഹോംസ്‌റ്റേയിൽ എത്തിയത്. ഇത് വിശ്വസിച്ചാണ് ഹസീറ ബാഗ് ഉൾപ്പെടെ തയ്യാറാക്കി വച്ചിരുന്നത്. സ്ഥലത്തെത്തിയ സാഹാ അലി കൃത്യം നടത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.
കഴുത്തിൽ ഷാൾ മുറുക്കിയാണ് സാഹാ അലി ഹസീറയെ കൊലപ്പെടുത്തിയത്. ഇവരുടെ സ്വർണക്കമ്മലും നഷ്ടപ്പെട്ടിരുന്നു. ഹസീറയെ ഇടക്കിടെ രണ്ട് പേർ സന്ദർശിക്കാറുണ്ടയിരുന്നെന്ന് ഹോംസ്‌റ്റേ ഉടമ പറയുന്നു. ഭർത്താവും മകനുമാണ് വരുന്നതെന്നാണ് ഉടമയോട് ഇവർ പറഞ്ഞിരുന്നത്.
Discussion about this post