മലയാളികൾ എവിടെ പോയാലും പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം വികാരമാണ്. ഗൃഹാതുരത്വം ഉണർത്തുന്ന വിഭവങ്ങൾ. പണ്ട് പറമ്പുകളിൽ വീണളിഞ്ഞു പോകുന്ന ചക്കയും മാങ്ങയുമെല്ലാം ഇപ്പോൾ കിട്ടാക്കനിയായത്രേ. കടലും കടന്ന് ഇവ പണം വാരാൻ തുടങ്ങിയതിന് ശേഷമാണ് ഒരു നേരം പുഴുക്കുവയ്ക്കാൻ പോലും ചക്ക കിട്ടാതെയായത്. മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ മേഖലകളിലെ പറമ്പുകളിൽ നിറയെ ഉണ്ടായിരുന്ന ചക്ക മൂപ്പെത്തുംമുമ്പേ വെട്ടിയെടുത്ത് അന്യസംസ്ഥാനങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്ത് വരികയാണ്. പ്ലാവിൽ അവശേഷിക്കുന്ന ചക്കതിരക്കിയും ആളുകൾ എത്തുന്നുണ്ട്.
ഇക്കുറി ഇടിയൻചക്കയ്ക്ക് നല്ലഡിമാൻഡാണ്. കർഷകർക്ക് നല്ലവിലയും ലഭിക്കുന്നുണ്ട്. 50മുതൽ 80രൂപ വരെയാണ് ഒരു ഇടിയൻചക്കയുടെ വില. വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനവും ഇടിയൻചക്കയുടെ ഡിമാൻഡ് വർദ്ധിപ്പിച്ചു . മൂപ്പെത്താത്ത ഇടിയൻചക്ക ഫുഡ് സപ്ലിമെന്റിനായാണ് ഏറെ ഉപയോഗപ്പെടുന്നത്. വിവിധ ചക്കവിഭവങ്ങളും ന്യൂട്രീഷണൽ ഫുഡായും ഇത് മാറ്റിയെടുക്കുന്നു.
കാലടി, അങ്കമാലി, പെരുമ്പാവൂർ, ഓടക്കാലി എന്നി വിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെത്തി തിരഞ്ഞെടുത്തവയാണ് കയറ്റി അയക്കുന്നത്. സീസൺ ആകുന്നതിനുമുമ്പേ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്.ന്യൂഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ അടക്കമുള്ള മെട്രോ നഗരങ്ങളിലേയ്ക്കും ഗൾഫ് രാഷ്ട്രങ്ങളിലേയ്ക്കുമാണ് കയറ്റി അയക്കുന്നത്. വടക്കേ ഇന്ത്യയിലും ഗൾഫിലുമൊക്കെ രുചിയുടെ താരമായി. സ്പൈസി ജാക്ക് റോസ്റ്റ്, ഗോൾഡൺ ജാക്ക് മിക്‌സ്ചർ, ജാക്ക് ബാർ, ജാക്ക് ജാഗറി സ്വീറ്റ് തുടങ്ങിയ വിഭവങ്ങളായി മാറുന്നു.
Discussion about this post