ഇസ്ലാമാബാദ്; തകർച്ചയിൽ നിന്ന് അതി ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തി പാകിസ്താൻ. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചാ നിരക്കും പണപെരുപ്പവും കാരണം ഒരു കോടിയോളം പാകിസ്താനികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ലോകബാങ്ക് പുറത്തിറക്കിയ ”ദ്വിവാർഷിക പാകിസ്താൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട്’ പ്രകാരം രാജ്യത്ത് പണപ്പെരുപ്പത്തിൽ 26 ശതമാനം വർധനവാണ് ഉണ്ടായത്. നവീനമായ സാമ്പത്തിക പുരോഗമന പദ്ധതികൾ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ അപര്യാപ്തമായിരുന്നുവെന്ന് റിപ്പോർട്ടിന് നേതൃത്വം നൽകിയ സയ്യിദ് മുർതാസ മുസാഫരി പറഞ്ഞു. 98 ദശലക്ഷം പേർ ഇതിനോടകം രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.
അതിനിടെ ചെലവുകൾ വെട്ടിച്ചുരുക്കാൻ പുതിയ നിർദേശവുമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ പരിപാടികൾക്ക് ചുവന്ന പരവതാനികൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. വിദേശ നയതന്ത്രജ്ഞർ സന്ദർശനത്തിനെത്തുന്ന പരിപാടികളിൽ മാത്രം ഇവ ഉപയോഗിക്കാനാണ് നിർദേശം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ചുവന്ന പരവതാനികൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി ക്യാബിനറ്റ് അറിയിച്ചു.
ചുവന്ന പരവതാനികൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതോടെ അനേകം ഫണ്ടുകൾ ലാഭിക്കാനാകുമെന്നാണ് ക്യാബിനറ്റിന്റെ കണക്ക് കൂട്ടൽ.ചെലവ് ചുരുക്കലിന്റെ ഭാഗമായി തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ഷെരീഫും മന്ത്രിസഭാംഗങ്ങളും കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ചെലവ് ചുരുക്കലിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നതായി കഴിഞ്ഞമാസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post