ന്യൂഡൽഹി: കോടതിയ്ക്ക് പുറത്ത് വിവാഹമോചനത്തിന് മുസ്ലീം സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രംീകോടതി. ഹൈക്കോടതിയിലെ കേസിലെ ഹർജിക്കാർക്കാണ് നോട്ടീസ്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണാ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭർത്താവിന്റെ സമ്മതമില്ലാതെ മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാൻ അവകാശമുണ്ടെന്നായിരുന്നു 2021ലെ ഹൈക്കോടതി വിധി. മുസ്ലീം സ്ത്രീകൾക്ക് വിവാഹ മോചനത്തിനായി ശരീഅത് നിയമ പ്രകാരമുള്ള ‘ഖുൽഅ’ അവലംബിക്കാമെന്നു ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ്.
മുസ്ലീം സ്ത്രീക്ക് ഇസ്ലാമിക വിവാഹമോചന മാർഗമായ ‘ഖുൽഅ’ പ്രകാരം വിവാഹമോചനം നേടാനാവുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. സ്ത്രീക്ക് വിവാഹമോചനം നേടാൻ ഭർത്താവിനോട് ത്വലാഖ് ആവശ്യപ്പെടണമെന്നും ഏകപക്ഷീയമായ സമ്പൂർണാവകാശം ഇക്കാര്യത്തിൽ സ്ത്രീക്ക് നൽകുന്നില്ലെന്നുമായിരുന്നു ഹൈേേക്കാടതിയിൽ ഹർജിക്കാരുടെ വാദം.
എന്നാൽ, ഇസ്ലാം സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹമോചനമാർഗത്തിന് ഭർത്താവിന്റെ സമ്മതവുമായി ബന്ധമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഖുൽഅ മാർഗത്തിന് സാധുതയുണ്ടായിരിക്കെ വിവാഹമോചനത്തിനായി സ്ത്രീക്ക് ജുഡീഷ്യൽ സംവിധാനത്തെ ആശ്രയിക്കേണ്ടതില്ലെന്നുമായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്ത് കേരള മുസ്സീം ജമാ അത്തും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.
Discussion about this post