ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 48 പേജുള്ള ‘ന്യായ് പത്ര’ എന്ന പേരുള്ള പ്രകടന പത്രികയിൽ പാർലമെന്റിനകത്തും പുറത്തും സ്ഥിരമായി കോൺഗ്രസ് ഉന്നയിക്കുന്ന പല വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.
പൗരത്വ ഭേദഗതി നിയമം, ആർട്ടിക്കിൾ 370 എന്നീ വിഷയങ്ങളെ കുറിച്ച് പ്രകടന പത്രികയിൽ ഒരു വാക്ക് പോലും ഉരുവിട്ടിട്ടില്ല. സിഎഎ വിഷയത്തിൽ കേരളത്തിൽ ഉൾപ്പെടെ സമരരംഗത്തിറങ്ങിയ കോൺഗ്രസ് നേതാക്കൾ, ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് വരെ വീമ്പിളക്കിയിരുന്നു. സിഎഎ വിഷയത്തിൽ പാർലമെന്റിലും ബിജെപിക്കെതിരെ പടയൊരുക്കം നടത്തിയ പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, പ്രകടന പത്രിക വന്നപ്പോൾ സിഎഎ നൈസായി ഒഴിവായി.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ആം വകുപ്പ് പുനസ്ഥാപിക്കുമെന്ന നിലപാടും തെരഞ്ഞെടുപ്പ് വേദികളിൽ അടക്കം പല കോൺഗ്രസ് സ്ഥാനാർത്ഥികളും നേതാക്കളും തട്ടിവിട്ടിരുന്നു. പക്ഷേ, കാര്യത്തോട് അടുത്തപ്പോൾ ആർട്ടിക്കിൾ 370നെ കുറിച്ചും പരാമർശമില്ല.
ഡൽഹിയിൽ വലിയ രീതിയിൽ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഇത്തരം സങ്കീർണ്ണ വിഷയങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല എന്നതാണ് രസകരമായ വസ്തുത. സിഎഎ, കശ്മീർ എന്നീ വിഷയങ്ങളിൽ പാർട്ടിയുടെ യഥാർത്ഥ നിലപാട് പ്രകടന പത്രികയിൽ തുറന്നു പറഞ്ഞാൽ ഉത്തരേന്ത്യയിലും അതിർത്തി സംസ്ഥാനങ്ങളിലും ഉൾപ്പെടെ അത് വലിയ തിരിച്ചടിയാകുമെന്ന് കോൺഗ്രസിനറിയാം. പ്രചരണ രംഗത്ത് ബിജെപി ഇക്കാര്യങ്ങൾ ശക്തമായി ഉന്നയിക്കുമെന്ന തിരിച്ചറിവ് കൂടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ രാഹുലിന്റെ പാർട്ടിയെ പ്രേരിപ്പിച്ചത്.
കോൺഗ്രസ് പ്രകടന പത്രികയിൽ സിഎഎ വിഷയം പ്രതിപാദിക്കാത്തതിനെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ പുതിയ നീക്കം വരും ദിവസങ്ങളിൽ ഇൻഡി സഖ്യത്തിൽ തന്നെ കൂടുതൽ ഭിന്നതകൾക്ക് വഴിവെക്കുമെന്ന സൂചനകളാണ് വരുന്നത്.
ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കും എന്നത്. എന്നാൽ, കോൺഗ്രസിന്റെ ന്യായ് പത്രത്തിൽ ഓൾഡ് പെൻഷൻ സ്കീമിനെ കുറിച്ചും യാതൊരു പരാമർശവുമില്ല.
പ്രകടന പത്രികയുടെ കവർ പേജിൽ സോണിയ ഗാന്ധിയുടെ ചിത്രമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ന്യായ് പത്രയുടെ കവർ പേജിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും മാത്രമാണ് ഇടം നേടിയത്. ഇരുവരും കൈയുയർത്തി പുഞ്ചിരിക്കുന്ന ഫോട്ടോയാണ് കവർ പേജിലെ ഹൈലൈറ്റ്.
ഇത് മാത്രമല്ല, കോൺഗ്രസ് പ്രകടന പത്രിക ചിരിക്കാനും അൽപ്പം വക നൽക്കുന്നുണ്ട്. മോഹന വാഗ്ദാനങ്ങൾ അവതരിപ്പിക്കുന്ന പത്രികയിൽ ന്യൂയോർക്കിലെയും ബാങ്കോക്കിലെയും ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടത് ചിരി പടർത്തുകയാണ്. ജലസംരക്ഷണത്തെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്ത് ന്യൂയോർക്കിലെ ബഫല്ലോ നദിയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. പരിസ്ഥിതിയെ പറ്റി പറയുമ്പോൾ ഇടം പിടിച്ചിരിക്കുന്നത് രാഹുലിന്റെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ ബാങ്കോക്കിന്റെ ഫോട്ടോയാണ്.
കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ന്യൂയോർക്കും ബാങ്കോക്കും ഉൾപ്പെട്ടത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ട്രോളായി പ്രചരിക്കുകയാണ്. ഇന്ത്യയെ മനസ്സിൽ കണ്ടല്ല കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത്. മറിച്ച് ‘ന്യായ് പത്ര’ രാഹുൽ ഗാന്ധിയുടെ വിദേശ വിനോദ യാത്ര പരിപാടിയായി മാറിയെന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പരിഹസിച്ചത്.
മുസ്ലിം ലീഗിന്റെ പച്ചക്കൊടി ഉയർന്നാൽ പണി കിട്ടുമെന്ന് ഭയന്ന് വയനാട്ടിലെ രാഹുലിന്റെ റോഡ് ഷോയിൽ കോൺഗ്രസിന്റെ കൊടികൾക്ക് പോലും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ഉണ്ടാക്കിയ പരിഹാസങ്ങൾ കെട്ടടങ്ങും മുൻപാണ് ഇപ്പോൾ പ്രകടന പത്രികയുടെ പേരിലും എതിരാളികൾക്ക് ചിരിക്കാൻ കോൺഗ്രസ് വക നൽകുന്നത്.
Discussion about this post