തിരുവനന്തപുരം : തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ. ആന്റണി രാജുവിന്റെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേസിൽ ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ആന്റണി രാജുവിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്. പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സംസ്ഥാനം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
കേസിൽ തനിക്കെതിരായ പുനഃരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മുൻമന്ത്രി ഹർജി നൽകിയിരുന്നു. കേസ് പരിഗണിക്കാനിരിക്കെയാണ് ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. തുടർന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ആൻറണി രാജുവിന് അനുകൂലമായി ,സുപ്രീം കോടതി തുടരന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നു. ഹർജികളിൽ വിശദമായ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്. 33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മുൻമന്ത്രി ആന്റണി രാജു എതിർത്തിരുന്നു. ഇത് മാനസിക വിഷമം ഉണ്ടാക്കുന്നതായും അതിനാൽ കേസിൻറെ നടപടികൾ പൂർണമായും അവസാനിപ്പിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
1990 ഏപ്രിൽ 4-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.













Discussion about this post