മനുഷ്യർ പല കാരണങ്ങൾ കൊണ്ടും ഉപവാസമെടുക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ, ഉപവാസമെടുക്കുന്ന മൃഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ..? അതും മാംസാഹാരികളായ കടുവകൾ. അത്തരത്തിലുള്ള കടുവകൾ ഉണ്ട്, ഒരു മൃഗശാലയിൽ.
നേപ്പാളിലെ മൃഗശാലയിലെ കടുവകളാണ് ഇതുപോലെ ഉപവാസമെടുക്കുന്നത്. ആഴ്ചയില ആറ് ദിവസം മാത്രം ഭക്ഷണം കഴിക്കുന്ന ഈ കടുവകൾ ബാക്കിയുള്ള ഒരു ദിവസം പട്ടിണിയാകും. നേപ്പാളിലെ സെൻട്രൽ മൃഗശാലയിലാണ് ഈ രീതിയിൽ കടുവകൾ ജീവിക്കുന്നത്.
കടുവകളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ജീവിതരീതി പിന്തുടരുന്നതെന്നാണ് മൃഗശാലാ ജീവനക്കാർ പറയുന്നത്. വർഷങ്ങളായി ഈ രീതി തന്നെയാണ് ഈ മൃഗശാലയിൽ കടുവകളെ പരിപാലിക്കുന്നത്. അതുകൊണ്ട് കടുവകൾ ഒരു മടിയും കൂടാതെ ആഴ്ചയിൽ ഒരു ദിവസം പട്ടിണി കിടക്കും.
ശനിയാഴ്ചയാണ് മൃഗശാലയിലെ കടുവകളുടെ ഈ ഉപവാസ ദിനം. കടുവകളുടെ ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് തടയുന്നതിനാണ് ഇങ്ങനെ ആഴ്ചയിൽ ഉപവാസം കിടത്തുന്നത്. സാധാരണയായി പെൺകടുവയ്ക്ക് 5 കിലോ പോത്തിറച്ചിയും ആൺ കടുവയ്ക്ക് 6 കിലോ പോത്തിറച്ചിയുമാണ് ദിവസവും നൽകാറുള്ളത്. എന്നാൽ, ശനിയാഴ്ച മാത്രം ഇവർ പട്ടിണി കിടക്കുന്നു. അതുകൊണ്ട് മാംസാഹാരികളായ കടുവകളുടെ ദഹന വ്യവസ്ഥ മെച്ചപ്പെടുന്നു.
കടുവകൾ തടിച്ചാൽ, അവയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു. വയറിനടിയിൽ കൊഴുപ്പിന്റെ ഒരു പാളി അടിഞ്ഞുകൂടാൻ തുടങ്ങുകയും ഇത് ഓടുമ്പോൾ അവ തളർന്നു പോകാൻ കാരണമാവുകയും ചെയ്യും.
Discussion about this post