വയനാട്: വയനാട്ടിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയും എൽഡിഎഫ് സ്ഥാനാർത്ഥിയും പൊതുജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. രാഹുൽ ഗാന്ധിയും ആനിരാജയും കേരളത്തിന്റെ അതിർത്തി വിട്ടാൽ ഇൻഡി സഖ്യത്തിന്റെ ഭാഗമാണ്. കേരളത്തിന് പുറത്ത് അവർ രണ്ട് പേരും ഒരു വേദിയിൽ പ്രസംഗിക്കുകയും കേരളത്തിലെത്തുമ്പോൾ പരസ്പരം പോരടിക്കുകയും ചെയ്യുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർത്ഥി ആനിരാജയും ഒരു സഖ്യത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ അതിർത്തി വിട്ടാൽ അവർ രണ്ട് പേരും ഇൻഡി സഖ്യത്തിൽ പെട്ടവരാണ്. വയനാടിന്റെ തൊട്ട് അപ്പുറത്ത് പത്തോ ഇരുപതോ കിലോമീറ്റർ പോയാൽ തമിഴ്‌നാടും കർണാടകവുമാണ്. അവിടെ അവർ ഒന്നിച്ച് ഒരേ വേദിയിൽ നിന്ന് അവർക്ക് വേണ്ടി വാദിക്കുന്നു. ഇവിടെ വന്ന് പരസ്പരം കുറ്റം പറയുകയും ചെയ്യുന്നു. ഇത് ശരിയായ രീതിയല്ല. ജനങ്ങളെ കബളിപ്പിക്കലാണ്. ഇവർ രണ്ട് പേരിൽ ആര് പാർലമെന്റിൽ ചെന്നാലും ഇൻഡി സഖ്യത്തിന്റെ ഭാഗമായാണ് അവർ സംസാരിക്കുക. അവർ ഗവൺമെന്റ് ഉണ്ടാക്കിയാൽ രണ്ട് പേർക്കും ഒരുമിച്ച് മന്ത്രിയാകാൻ പറ്റില്ലല്ലോ.. പിന്നെ എന്തിനാണ് അവർ ഇങ്ങനെ നിൽക്കുന്നത്’- അദ്ദേഹം ചോദിച്ചു.
വയനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പുറത്ത് നിന്നുള്ളവർക്ക് മനസിലാക്കാൻ കഴിയില്ല. ഈ പ്രശ്‌നങ്ങളെല്ലാം മനസിലാക്കാൻ കഴിയുന്ന ആളാകണം വരേണ്ടത്. ഇവിടെ നിന്നും ജയിച്ചു പോകുന്നവർ കേവലം സന്ദർശകർ മാത്രമായി തീരരുത്. വയനാട് ആദിവാസി ഭൂരിപക്ഷമുള്ള ഒരു ജില്ലയാണ്. കേന്ദ്ര സർക്കാരിന്റെ നിരവധി ആനുകൂല്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ, ഇതെല്ലാം യഥാവിധി ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ പ്രദേശത്തുകാരായ ആളുകൾ പാർലമെന്റിലേക്കും നിയമസഭയിലേക്കും ജനപ്രതിനിധികളായി എത്തണമെന്നാണ് ആഗ്രഹമെന്നും മാനന്തവാടി ബിഷപ്പ് കൂട്ടിച്ചേർത്തു.
Discussion about this post