തിരുവനന്തപുരം: കടുത്ത വേനൽ ചൂടിനിടെ കേരളത്തിന് ആശ്വാസമായി വേനൽ മഴ. മുൻ ദിവസങ്ങളിലെ പോലെ സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം പകൽ സമയങ്ങളിൽ കനത്ത ചൂടായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് 14 ജില്ലകളിലും വേനൽ മഴ ലഭിക്കും. വിഷുദിനമായ നാളെ 11 ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച 11 ജില്ലകളിലും മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാകും മഴ ലഭിക്കുക. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിയ്ക്കാം. ഈ സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നു. പലയിടങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായി.
Discussion about this post