തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടാനാണ് സാധ്യത. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത.
തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോട്, ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരും. ഉയർന്ന താപനില കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ ചൂടിനും അസ്വസ്തമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബുധനാഴ്ച്ച കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. വരും മണിക്കൂറുകളിൽ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ, കേരളള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പേകാടൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post