ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. സിബിഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കവിതയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
മാർച്ച് 15നാണ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. തീഹാർ ജയിലിൽ ആയിരുന്നു കവിത. ജയിലിനുള്ളിൽ വച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഏപ്രിൽ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.
കവിതയ്ക്കെതിരെ നിർണായക തെളിവുകളുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിജയ്നായർക്ക് സൗത്ത് ഗ്രൂപ്പ് 100 കോടി കൈമാറിയതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കവിതയും മദ്യനയ അഴിമതി ഗൂഢാലോചനയിൽ നിർണായക പങ്കെുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിലെ പ്രതിയായ രാഘവ് മഹൂത്രയിൽ നിന്ന് കവിത 25 കോടി രൂപ കോഴപ്പണമായി ആവശ്യപ്പെട്ടു എന്നും സിബിഐ കോടതിയെ അറിയിച്ചു. നിലവിൽ ഇപ്പോഴും വാദം തുടരുകയാണ്. മദ്യനയക്കേസിൽ കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കേസെടുത്തത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്ക് 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.








