തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിലും പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ടെ മാസപ്പടി കേസിലും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിലുമാണ് പ്രധാനമന്ത്രി വിമർനമുയർത്തിയത്. മുഖ്യമന്ത്രിയുടെ മകൾ വരെ അഴിമതിയിൽ പെട്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ അഴിമതിയിൽ ഉൾപ്പെട്ടു. മാസപ്പടി കേസ് അട്ടിമറിയ്ക്കാനാണ് സർക്കാരിന്റെ ശ്രമം. സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പണറായി വിജയൻ കള്ളം പറയുന്നു. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുകയാണ്. ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് സംസ്ഥാനത്ത് നടന്നത്. സിപിഎം ജില്ല സെക്രട്ടറിയുടെ പേരിൽ പോലും ഇവിടെ തട്ടിപ്പ് നടക്കുന്നുവെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു.
ഈ കൊള്ള കാരണമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നത്. സംസ്ഥാനം തന്നെയാണ് ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. എന്നാൽ, കേന്ദ്രമാണെന്ന് സംസ്ഥാന സർക്കാർ കള്ളം പറയുന്നു. ഇതും പറഞ്ഞ് സർക്കാർ സുപ്രീം കോടതിയിൽ പോയപ്പോൾ അവിടെ നിന്നും അവർക്ക് പണി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടത്തിയവരുടെ കയ്യിലുള്ള പണം പാവങ്ങളുടെ കയ്യിലേക്ക് തിരികെ എത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. മോദിയെ തടയാനാണ് അഴിമതിക്കാർ ശ്രമിക്കുന്നത്. എന്നാൽ, താൻ അവരെ പേടിക്കില്ല. ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും അഴിമതിക്കെതിരെയാണ്. കേരളത്തിലെ ഓരോവീടുകളിലും മോദിയുടെ സന്ദേശം എത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post