മലപ്പുറം : ഇടതുപക്ഷം തന്റെ കുടുംബാംഗങ്ങളെ പോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസം മാത്രമേ ഉള്ളൂ. താൻ ബഹുമാനത്തോടെയാണ് അവരോട് സംസാരിക്കാറുള്ളത് എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മലപ്പുറം മമ്പാട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഇടതുപക്ഷത്തോടുള്ള തന്റെ സമീപനം രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
ചൊവ്വാഴ്ച മുതൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലാണ് രാഹുൽ ഗാന്ധി ഉള്ളത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്ക് ശേഷം ഇന്ന് മലപ്പുറം മമ്പാട് റോഡ് ഷോ നടത്തി. മലപ്പുറത്ത് നടത്തിയ പ്രസംഗത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഇന്ത്യ എന്താണെന്ന് പോലും നരേന്ദ്രമോദിക്ക് അറിയില്ല എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയും ആർഎസ്എസും ചേർന്ന് ഭരണഘടനയെ ആക്രമിക്കുകയും തകർക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നടത്തുന്നതെല്ലാം നാടകങ്ങളാണ്. രാജ്യത്തിന്റെ അടിത്തറ ഇളക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ രാജ്യത്തെ മാദ്ധ്യമങ്ങൾ പ്രധാനമന്ത്രി എന്ത് ചെയ്താലും പുകഴ്ത്തുകയാണ് ചെയ്യുന്നത് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Discussion about this post