തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തിയത്. തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോൾ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിൽ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്.
ജൂൺ അഞ്ചിന് പിഴയീടാക്കാൻ തുടങ്ങിയപ്പോൾ പ്രതിമാസം നിയമലംഘനങ്ങൾ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര – അഞ്ച് ലക്ഷംവരെയായി. പ്രതിവർഷം 25 ലക്ഷം നോട്ടീസയക്കുമെന്നായിരുന്നു കെൽട്രോണിന്റെ കരാർ. ഏപ്രിൽ ആയപ്പോഴേക്കും 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസയക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. എന്നാൽ, സർക്കാർ ഇതിന് മറുപടി നൽകിയിട്ടില്ല. തുടർന്ന് പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച ശേഷം നോട്ടീസയക്കുന്നത് നിർത്തുകയായിരുന്നു. ഇപ്പോൾ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലിലേക്ക് ഇ – ചെല്ലാൻ മാത്രം അയക്കും. പക്ഷേ, മെസേജ് മാത്രം വന്നാൽ ആരും പിഴ അടക്കില്ല.
നിയമലംഘനം കുറയ്ക്കുക, നിയമലംഘകരിൽ നിന്നും പണം ഈടാക്കി ക്യാമറ വച്ച കരാറുകാരന് കൊടുക്കുക എന്നതായിരുന്നു എഐ ക്യാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ക്യാമറ പദ്ധതി 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്.
Discussion about this post