തിരുവനന്തപുരം; പരസ്പരം പരിഹസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നതെന്നും സതീശൻ പറഞ്ഞു.
നുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കിട്ടുമെന്ന് മുഖ്യമന്ത്രിയും പരിഹസിച്ചു. പ്രതിപക്ഷ നേതാവ് കാര്യങ്ങളെല്ലാം നല്ല രീതിയിൽ മനസ്സിലാക്കി പറയുന്നയാളാണ് എന്നാണ് അദ്ദേഹത്തിൻറെ പാർട്ടിയിലെ പലരും ധരിച്ചിട്ടുള്ളത്. പക്ഷേ അടുത്തകാലത്തായി അദ്ദേഹം പറയുന്ന കാര്യങ്ങൾ വളരെ തരംതാഴ്ന്ന നിലയിലാണെന്നും വസ്തുതാ വിരുദ്ധമായതാണെന്നും കേരളത്തിന് ബോധ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
സതീശനെ പോലൊരാൾ പച്ചക്കള്ളം പറയുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ. കാരണം പ്രതിപക്ഷ നേതാവല്ലേ, കള്ളം നാടിന് മുമ്പാകെ പറയുമോ? പക്ഷേ, നുണക്ക് ഒരു സമ്മാനം കൊടുക്കുകയാണെങ്കിൽ ഒരു സംശയവുമില്ല പ്രതിപക്ഷ നേതാവിന് ഒന്നാം സമ്മാനം തന്നെ കിട്ടും. അടുത്ത ദിവസം അദ്ദേഹം പറയുകയാണ്, ഇലക്ടറൽ ബോണ്ട് അത് സി.പി.എമ്മും വാങ്ങിയിട്ടുണ്ട് എന്ന്. എന്തൊരു പച്ച നുണയാണതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
Discussion about this post