തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് (എപിക്) വേണമെന്ന നിർബന്ധമില്ല. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മറ്റ് 12 കാർഡുകൾ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. ഏപ്രിൽ 26 നാണ് കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
പോളിംഗ് ബൂത്തിലെത്തുമ്പോൾ വോട്ട് ചെയ്യുന്നതിന് സാധാരണയായി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാനാവും എന്ന് ലോക്സഭ തിരഞ്ഞെടുപ്പ് 2024 പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
വോട്ടർ ഐഡി കാർഡിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.
1. ആധാർ കാർഡ്
2. എംഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
3. ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
4. തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
5. ഡ്രൈവിംഗ് ലൈസൻസ്
6. പാൻ കാർഡ്
7. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
8. ഇന്ത്യൻ പാസ്പോർട്ട്
9. ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
10. കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
11. പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
12. ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)













Discussion about this post