തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ നിരോധനാജ്ഞ. ഇന്ന് വൈകീട്ട് ആറ് മുതൽ മറ്റെന്നാൾ രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ. ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് നടപടി.
സംസ്ഥാനത്ത് ഇന്ന് വൈകീട്ട് ആറ് മണിവരെയാണ് പരസ്യപ്രചാരണത്തിന് വേണ്ടിയുള്ള സമയം. ഇത് അവസാനിക്കുന്നതോടെ നിരോധനാജ്ഞ ആരംഭിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിരോധനാജ്ഞ നിലനിൽക്കേ സംഘം ചേരാൻ പാടുള്ളതല്ല. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് വിലക്കുണ്ട്. ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദർശനം, അഭിപ്രായസർവേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സർവേകളോ സംപ്രേഷണം ചെയ്യരുത്. വോട്ടെടുപ്പ് ദിനത്തിൽ പോളിങ് സ്റ്റേഷന് 200 മീറ്റർ പരിധിയിൽ ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. ഒന്നിലധികം പോളിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ ആണെങ്കിലും പോളിങ് സ്റ്റേഷന്റെ 200 മീറ്റർ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിക്കരുതെന്നും ഉത്തരവിലുണ്ട്.
നാളെ നടക്കുന്ന നിശബ്ദ പ്രചാരണത്തിന് നിരോധനാജ്ഞ ബാധകമല്ല. എന്നാൽ പൊതുയോഗങ്ങൾ, മറ്റ് പരിപാടികൾ എന്നിവ സംഘടിപ്പിക്കരുത്. അനുമതിയുള്ളവർ ഒഴികെ ആയുധങ്ങൾ കൈവശം സൂക്ഷിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അവശ്യസേവനങ്ങളെ നിരോധനജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന ജോലിയുള്ളവർക്കും നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.













Discussion about this post