കൽപ്പറ്റ: വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥിയും സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ. ആദിവാസി വിഭാഗത്തെ അപമാനിക്കുന്നതിനാണ് ഇത്തരമൊരു ആരോപണം യുഡിഎഫും എൽഡിഎഫും നടത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണം ബിജെപിക്കെതിരെയല്ല, ആദിവാസി ഗോത്ര സമൂഹത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നാളെ കഴിയും. ഈ ഒരു കളങ്കം ആദിവാസി സമൂഹത്തിന് മേൽ ചാർത്തുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. ഇരുന്നൂറ് രൂപയുടെ കിറ്റ് കൊടുത്താൽ അവർ വോട്ട് ചെയ്യുമെന്നാണോ നിങ്ങൾ കണക്കാക്കുന്നത്?. അങ്ങേയറ്റം വേദനാജനകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. അതിന് ആദിവാസി ഗോത്ര സമൂഹം തക്കാതായ മറുപടി നൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
ബത്തേരിയിലെ ഒരുപ്രധാനപ്പെട്ട ക്ഷേത്രഭാരവാഹികളാണ് കിറ്റ് വിതരണം ചെയ്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനെ എങ്ങനെയാണ് ബിജെപിയുമായി ബന്ധപ്പെടുത്തുന്നത്?. അത് കൊടുത്തിട്ടുണ്ടെങ്കിൽ അവരോട് ചോദിക്കണം?. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി എന്തു ചെയ്തു എന്നാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. കിറ്റ് വിവാദമല്ല ഇവിടെ ക്വിറ്റ് രാഹുൽ എന്നാണ് ചർച്ചയെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വക ചാരായം കൊടുക്കുന്നതൊന്നും വാർത്തയാകുന്നില്ല. ആരോ പപ്പടവും പയറും കൊണ്ടുപോയി എന്നുപറഞ്ഞാണ് ബിജെപിയുടെ മേൽ കുതിര കയറുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അമേഠിയിലെ വീട് പെയിന്റ് അടിക്കുകയാണ് രാഹുൽ. 26ാം തീയതി അഞ്ച് മണി കഴിഞ്ഞാൽ പുള്ളി അങ്ങോട്ട്പോകും. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. നിരാശയിൽ നിന്ന് ഉയർന്നതാണ് ഈ ആരോപണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post