ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ ഇളയാരജയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി. ഒരു ഗാനത്തിൽ ഗാനരചയിതാവ് ഉൾപ്പെടെയുള്ളവർക്ക് അവകാശം ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആർ മഹാദേവൻ, മുഹമ്മദ് സാദിഖ് എന്നിവർ ഉൾപ്പെട്ടെ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിർണായക നിരീക്ഷണം.
സംഗീത കമ്പനിയായ എക്കോയാണ് പകർപ്പവകാശം സംബന്ധിച്ച് കോടതിയിൽ ഹർജി നൽകിയത്. ഇളയരാജ സംഗീതം നൽകിയ 4500 ഓളം ഗാനങ്ങളുടെ പകർപ്പ് അവകാശം സിനിമാ നിർമ്മാതാക്കളിൽ നിന്നും എക്കോ വാങ്ങിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിൽ ഇളയരാജയ്ക്ക് അനുകൂലമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ ഇതിനെതിരെ എക്കോ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
വരികളില്ലാതെ പാട്ടുകൾ ഉണ്ടാകില്ലെന്നും, അതിനാൽ ഗാനരചയിതാവ് ഉൾപ്പെടെയുള്ളവർക്ക് അവകാശവാദം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. കമ്പനിയുടെ അഭിഭാഷകന്റെ വാദങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകാൻ സംവിധായകനെ നിർമ്മാതാവാണ് ചുമതലപ്പെടുത്തുന്നത്. അതിനാൽ നിർമ്മാതാവാണ് ഗാനത്തിന്റെ യഥാർത്ഥ അവകാശി എന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്. ഈണത്തിന് മാത്രമാണ് ഇളയരാജയ്ക്ക് അവകാശം ഉള്ളത് എന്നും അഭിഭാഷകൻ വാദിച്ചു. ഇത് അംഗീകരിച്ച കോടതി ഈണത്തിൽ മാത്രമാണ് ഇളയരാജയ്ക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയുക എന്ന് നിരീക്ഷിക്കുകയായിരുന്നു. കേസ് ഇനി ജൂണിൽ കോടതി വീണ്ടും പരിഗണിക്കും.
Discussion about this post