എറണാകുളം : മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മരട് പോലീസാണ് അന്വേഷണം തുടങ്ങിയത്. പരാതിക്കാരനായ സിറാജ് വലിയത്തറയും നിർമ്മാതാക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് അയച്ചു. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിർമ്മാണത്തിന് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നൽകിയതെന്നുമാണ് മൊഴി.
ഏഴ് കോടി രൂപ സിനിമയ്ക്കായി താൻ മുടക്കിയെന്നും എന്നാൽ ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമാണ് സിറാജ് ഹർജി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണ ചിലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കൽനിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഈ ഏഴു കോടി സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോൾ ആരംഭിച്ചത്. ഇക്കാര്യം പരിശോധിച്ച ശേഷമാകും സിനിമ നിർമ്മാതാക്കൾക്ക് പോലീസ് നോട്ടീസ് നൽകുക.
Discussion about this post