തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൂര്യാഘാതം മൂലം രണ്ട് മരണം സംഭവിച്ച സാഹചര്യത്തിൽ ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനം. പാലക്കാടും കണ്ണൂരുമാണ് സൂര്യഘാതം മൂലം മരണം സംഭവിച്ചത്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൂര്യൻറെ ഇപ്പോഴത്തെ സ്ഥാനവും വേനൽ മഴയുടെ അഭാവവുമാണ് കേരളത്തിൽ ചൂട് ഇത്ര കനക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നത്.
പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ പകൽ സമയത്ത് പുറത്തിറങ്ങുക, അധികനേരം പുറത്ത് തുടരുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വെല്ലുവിളിയാവുക.
പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ഈ ജില്ലകളിലെ ഉഷ്ണതരംഗ മുന്നറിയിപ്പും തുടരുകയാണ്. അതിനാൽ ഇവിടങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
Discussion about this post