തിരുവനന്തപുരം: ഇ.പി ജയരാജന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയിൽ ചേരാൻ ഇപി തയ്യാറായിരുന്നുവെന്ന് ശോഭ പറഞ്ഞു. മൂന്ന് തവണ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവെന്നും ശോഭ കൂട്ടിച്ചേർത്തു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ.
ബിജെപിയിൽ ചേരാൻ ഇ.പി ജയരാജൻ തയ്യാറായിരുന്നു. എന്നാൽ ചർച്ചകൾക്കിടെ അദ്ദേഹത്തിന് കേരളത്തിൽ നിന്നും ലഭിച്ച ഫോൺകോളാണ് മനംമാറ്റത്തിന് കാരണം ആയത്. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മൂന്ന് തവണ ജയരാജനുമായി ചർച്ച നടന്നു. ടി.ജി നന്ദകുമാറിന്റെ കൊച്ചി വെള്ളമലയിലെ വീട്ടിൽ വച്ചായിരുന്നു വിഷയം ചർച്ച ചെയ്യാൻ നടന്ന ആദ്യത്തെ ചർച്ച. കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു ഇത്. ഇവിടെ വച്ച് തന്നെ ബിജെപിയിൽ ചേരാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഡൽഹിയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. തൃശ്ശൂരിലെ രാമനിലയത്തിൽവച്ച് പിന്നെയും കണ്ടു. ബിജെപിയിൽ ചേരാൻ തയ്യാറായിട്ടായിരുന്നു അന്നദ്ദേഹം ഡൽഹിയിൽ എത്തിയത്. എന്നാൽ ഇതിനിടെ കേരളത്തിൽ നിന്നും ഫോൺ കോൾ വന്നതിന് പിന്നാലെ ഇപി തീരുമാനം മാറ്റി. തുടർന്ന് പാർട്ടിയിൽ ചേരുന്നതിനുള്ള തിയതി മാറ്റിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് വിളിച്ചത് എന്നാണ് സംശയിക്കുന്നത് എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post