അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെതിരെ ഷെയ്ൻ നിഗം നടത്തിയ പരാമർശങ്ങൾ വലിയ വിവാദത്തിന് കാരണമായിരുന്നു. ഉണ്ണി മുകുന്ദൻ മഹിമാ നമ്പ്യാർ കോമ്പോയെ പരിഹസിക്കും വിധത്തിലുളള പരാമർശമായിരുന്നു ഷെയ്‌നിന്റേത്. പ്രൊഡക്ഷൻ കമ്പനിയായ യുഎംഎഫിനെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചതാണ് വിഷയമായത്. ഇതുകേട്ട് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു.ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഒരേ ഇൻടസ്ട്രിയിലെ സഹതാരത്തോട് ഈ രീതിയിൽ അല്ല പെരുമാറേണ്ടത് എന്ന വിമർശനവുമായി പ്രേക്ഷകർ രംഗത്തെത്തി. എന്നാലിപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ൻ. സമൂഹമാദ്ധ്യമത്തിൽ താരം ഒരു കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.
താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവൻ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നുവെന്നും അത് ഖേദകരമാണെന്നുമാണ് ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ‘കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.
പിന്നെ അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും…തള്ളണം.. ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ.
അതേസമയം വിവാദത്തിൽ ഇത് വരെ മറ്റ് താരങ്ങളാരും പ്രതികരണം നടത്തിയില്ല എന്നതും ചർച്ചയാവുന്നുണ്ട്.
Discussion about this post