ലോകം പരിഭ്രാന്തിയോടെ ചിലവഴിച്ച കാലം… രക്ഷിക്കാനാവാതെ പ്രിയപ്പെട്ടവർ മരിച്ചുവീണ സമയം… സംസ്‌കാര ചടങ്ങിന് പോലും പങ്കെടുക്കാൻ കഴിയാത്ത ദുരവസ്ഥ.. പട്ടിണിയും പരിവട്ടവുമായാലും പുറത്തിറങ്ങാതെ വീടിനുള്ളിൽ അടച്ചുപൂട്ടി മനമുരുകി നല്ല നാളേയ്ക്കായി കാത്തിരുന്ന കാലം… കോവിഡ് എന്ന് കേൾക്കുമ്പോൾ അത്ര സുഖമുള്ള ഓർമ്മകളല്ല നമുക്ക് പറയാനുള്ളത്… വുഹാനിൽ നിന്ന് ചൈന അന്ന് പടർത്തിയത് ലോകത്തെ പിടിച്ചുകെട്ടാൻ തക്കവണ്ണം പ്രഹരശേഷിയുള്ള ആപത്തിനെയായിരുന്നു. ഇപ്പോഴിതാ വീണ്ടും മറ്റൊരു തീക്കളി ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ഒരാളെ കൊല്ലാൻ സാധിക്കുന്ന വൈറസിനെ സൃഷ്ടിച്ചിരിക്കുകയാണ് ചൈനയിലെ ശാസ്ത്രജ്ഞർ. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് എബോള രോഗ പഠനത്തിന്റെ ഭാഗമായി ജനിതക മാറ്റം വരുത്തിയ വൈറസിന് രൂപം നൽകിയത്.
മനുഷ്യശരീരത്തിൽ എബോളയുടെ സ്വാധീനം അനുകരിക്കാൻ കഴിയുന്ന ഒരു മാതൃക ഉപയോഗിച്ച് രോഗത്തിന്റെ പുരോഗതിയും ലക്ഷണങ്ങളും അറിയുകയായിരുന്നു ലക്ഷ്യം. എബോള വൈറസിൽ നിന്നുള്ള ഗ്ലൈക്കോപ്രോട്ടീൻ(ജിപി) വഹിക്കാൻ പരിഷ്‌കരിച്ച വെസിക്കുലാർ സ്റ്റൊമാറ്റിറ്റിസ് വൈറസ്(വിഎസ് വി) എന്നറിയപ്പെടുന്ന വൈറസാണ് സംഘം ഉപയോഗിച്ചത്.
എബോള വൈറസിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ ജനിതക മാറ്റം വരുത്തിയ വൈറസിനെ രൂപപ്പെടുത്തിയതെന്ന് പറയുന്നു. എലി വർഗത്തിൽപ്പെടുന്ന സിറിയൻ ഹാംസ്റ്ററുകൾക്കിടയിലാണ് ഗവേഷകർ പഠനം നടത്തിയത്. ജനിതക മാറ്റം ചെയ്ത വൈറസ് ഹാംസ്റ്ററുകളിൽ കുത്തിവച്ചപ്പോൾ എബോള മനുഷ്യരിൽ സൃഷ്ടിക്കുന്നതിനു സമാനമായ ലക്ഷണങ്ങൾ ഇവ പ്രകടമാക്കി. ഈ ലക്ഷണങ്ങളിൽ അവയവങ്ങളുടെ തകരാ#്, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവ ഉൾപ്പെടുന്നു. ഇത് മൂന്ന് ദിവസത്തിനുള്ളിൽ മൃഗങ്ങളുടെ മരണത്തിന് കാരണമായി. ചില ഹാംസ്റ്ററുകളുടെ കണ്ണുകളിൽ സ്രവങ്ങളുണ്ടായി. ഇത് അവയുടെ കാഴ്ചയെ തകരാറിലാക്കി. ഇത് എബോള രോഗികളിൽ കാണപ്പെടുന്ന ഒപ്റ്റിക് നാഡീ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ഒരു ലക്ഷണമാണിത്.
ഹാംസ്റ്ററുകളുടെ മരണശേഷം വൈറസിന്റെ ആഘാതം വിലയിരുത്താനായി ഗവേഷകർ ഇവയുടെ അവയവങ്ങൾ ശേഖരിച്ചു. ഹൃദയം, കരൾ, പ്ലീഹ, ശ്വാസകോശം, വൃക്ക, ആമാശയം, കുടൽ, മസ്തിഷ്‌കം എന്നിവ ഉൾപ്പെടെയുള്ള നിർണായക കോശങ്ങളിൽ വൈറസ് അടിഞ്ഞുകൂടിയതായി ഗവേഷകർ കണ്ടെത്തി. ഇത് മനുഷ്യരിൽ എബോളയുടെ വിനാശകരമായ പ്രത്യഘാതങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നിലധികം അവയവങ്ങളുടെ പരാജയം ഉണ്ടാക്കാനുള്ള വൈറസിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്.
എബോളയെ പോലുള്ള മാരക വൈറസുകൾ ബയോസേഫ്റ്റി ലെവൽ -4 വിഭാഗത്തിൽപ്പെട്ട ലാബുകളിലാണ് സൂക്ഷിക്കേണ്ടത്.BSL – 4 ലാബുകളിൽ വായു കടക്കാത്ത ഹാസ്മറ്റ് സ്യൂട്ടുകളും ഹൈഗ്രേഡ് ഗ്ലൗസുകളുമാണ് ഗവേഷകർ ധരിക്കുന്നത്. വൈറസുകളും ബാക്ടീരിയകളും വായുവിലൂടെ പകരാതിരിക്കാനാണിത്.BSL – 2 ലാബിലായിരുന്നു ചൈനീസ് പരീക്ഷണം. ചൈന നടത്തിയ ഈ തീക്കളി അൽപ്പമൊന്ന് പാളിയെങ്കിൽ വീണ്ടും മറ്റൊരു വൈറസ് കൂടി ലോകത്ത് പടർന്നുപിടിക്കുമായിരുന്നു. ഇത് വരെ പരീക്ഷണം വിജയകരമാണെന്ന് ചൈന പറയുന്ന അറിവേ ലോകത്തിന് ലഭ്യമായിട്ടുള്ളൂ. ലാഭിനകത്ത് എന്താണ് സംഭവിച്ചത് അത് മറ്റൊരു വിപത്തിനുള്ള കാരണമാകുമോ എന്ന ആശങ്കയിലാണ് മെഡിക്കൽ ലോകം.
Discussion about this post