ഒട്ടനവധി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പ്രപഞ്ചം. അനന്തമായി നീണ്ട് കിടക്കുന്ന ഈ ലോകത്തിലെ ജീവനുള്ള കുഞ്ഞുഗ്രഹമാണ് നമ്മുടെ ഭൂമി… ഈ ജീവനുകളെ അപകടത്തിലാക്കാൻ തക്ക പ്രഹര ശേഷിയുള്ള ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ആകാശത്ത് കൂടെ അങ്ങിങ്ങായി ചുറ്റിനടക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്ന് ദിനോസറുകളെ തുടച്ചുനീക്കിയത് ഇത്തരമൊരു കൂട്ടിയിയാണ്.. ഇങ്ങനെയുള്ള അപകടങ്ങളെ തടയാൻ തക്കവണ്ണമുള്ള ശക്തിയുള്ള മനുഷ്യർ ഹോളിവുഡ് സിനിമകളിലെ സൂപ്പർ ഹീറോകൾ മാത്രമായിരിക്കും. എന്നാൽ മനുഷ്യന്റെ സൂപ്പർ തലച്ചോറുകൾ ഉപയോഗിച്ച് ശാസ്ത്രീയമായി തന്നെ നമുക്ക് ഈ അപകടങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള നാസയുടെ പദ്ധതിയാണ് ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്. അഥവാ ഡാർട്ട്. ഭൂമിയെ ലക്ഷ്യമിട്ടെത്തിയേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ഡാർട്ട് ദൗത്യം ഛിന്നഭിന്നമാക്കുന്നതാണ് പദ്ധതി.
ലളിതമായ ബഹിരാകാശ പേടകമാണ് ഡാർട്ട്. ബോക്‌സ് രൂപത്തിലുള്ള മുഖ്യഭാഗത്തിന് 1.2 മീറ്റർ വീതിയും 1.3 മീറ്റർ വീതം നീളവും ഉയരവുമുണ്ട്. 8.5 മീറ്റർ നീളമുള്ള രണ്ട് സോളാർ കൈകൾ ഇതിനോട് ചേർന്ന് നിൽക്കുന്നു. ഡാർകോ ( ഡിഡിമോസ് റെക്കണയ്‌സൻസ് ആൻഡ് ആസ്‌ട്രോയ്ഡ് ക്യാമറ ഫോർ ഒപ്റ്റിക്കൽ നാവിഗേഷൻ ) എന്ന പേരിൽ ഒരു ക്യാമറമാത്രമാണ് പേടകത്തിലുള്ളത്
2021 നവംബർ 24നായിരുന്നു ഡാർട്ട് ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം. സ്‌പേക്‌സ് എക്‌സിന്റെ ഫാൽക്കൺ 9 വിക്ഷേപണ വാഹനമാണ് ഡാർട്ട് വിക്ഷേപിച്ചത്.പത്ത് മാസം നീണ്ട യാത്രക്കൊടുവിൽ 2022 സെപ്റ്റംബർ 27നാണ് പേടകം ഡിഡിമോസ് എന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വയ്ക്കുന്ന മൂൺലൈറ്റ് ഛിന്നഗ്രഹമായ ഡിമോർഫെസുമായി കൂട്ടി ഇടിച്ചത്. ഡിഡിമോസ് ഇരട്ടകളിലെ കുഞ്ഞൻ ഡിഡിമോസ് ബി അഥവാ ഡിമോർഫസിലേക്ക് ഇടിച്ചിറങ്ങിയത്. ഭൂമിക്ക് ഒരു തരത്തിലും ഭീഷണിയല്ലാത്ത ഡിഡിമോസ് ഇരട്ടകളെ തന്നെ ദൗത്യത്തിനായി തെരഞ്ഞെടുത്തത് രണ്ടാമന്റെ സഞ്ചാരത്തിലുണ്ടാകുന്ന വ്യതിയാനം ഒന്നാമനെ വച്ച് തിരിച്ചറിയാൻ പറ്റും എന്നത് കൊണ്ടാണ്.
ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാതയിൽ മാറ്റംവരുത്തുകയാണ് ദൗത്യത്തിന്റെ അടിസ്ഥാന തത്വം. അതിവേഗത്തിൽ കൂറ്റൻ പേടകം കൊണ്ട് ഇടിക്കുന്നതോടെ ആകാശവസ്തുക്കളുടെ വെലോസിറ്റി മാറുകയും അതുവഴി സഞ്ചാരത്തിന്റെ ഗതി മാറ്റിവിടാൻ കഴിയുകയും ചെയ്യും.
ഭൂമിയെ ലക്ഷ്യമിട്ട് വൻതോതിൽ ബഹിരാകാശ ശിലകൾ എത്തിയേക്കാം എന്നാണ് ഗവേഷകരുടെ അനുമാനം. നിയന്ത്രണവിധേയമല്ലാത്ത വസ്തുക്കളല്ലാത്തതിനാൽ ഭൂമിയെ സംരക്ഷിക്കാൻ ശക്തമായ പ്രതിരോധം തീർത്തേ മതിയാവൂ.. ഭാവിയിൽ ഡാർട്ടിന് സമാനമായതോ അല്ലെങ്കിൽ കൂടുതൽ അത്യാധുനികമോ ആയ സംവിധാനങ്ങൾ ഭൂമിയുടെ രക്ഷക്കായി മനുഷ്യർ നിർമ്മിച്ചേക്കാം..
Discussion about this post