തിരുവനന്തപുരം: ബാലതാരം ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് പിള്ള. ദേവനന്ദ ഒരു കുട്ടിയാണ് എന്നും അതിനെയെങ്കിലും വെറുതെ വിടണം എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ദേവനന്ദയ്ക്ക് പിന്തുണ നൽകി അഭിലാഷ് പിള്ള എത്തിയത്.
ആരെയും എന്തും പറയാനുള്ള സ്ഥലമാണ് സോഷ്യൽ മീഡിയ എന്ന് കരുതി ജീവിക്കുന്ന സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. അതൊരു 10 വയസ്സുകാരി കുട്ടിയാണ്. അതിനെയെങ്കിലും വെറുതെ വിടു- എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ദേവന്ദയുടെ പുതിയ ചിത്രം ‘ഗു’വിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് ദേവനന്ദ അഭിമുഖം നൽകിയിരുന്നു. ഇതിലെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു സൈബർ ആക്രമണം. തങ്ങളുടെ തലമുറ അപ്‌ഡേറ്റഡ് ആണെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാറുണ്ടെന്നും ദേവനന്ദ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ പരാമർശങ്ങളാണ് സൈബർ ആക്രമണത്തിലേക്ക് വഴിവച്ചത്.
അഭിമുഖത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ചിലർ ട്രോളുകൾ ഇറക്കി. അകാലത്തിൽ വാർദ്ധക്യം ബാധിച്ച ബാലിക എന്ന തരത്തിലുള്ള പരിഹാസങ്ങളും, വിമർശനങ്ങളും ഉയർന്നു. ഇതിൽ കഴിഞ്ഞ ദിവസം ദേവനന്ദയുടെ പിതാവ് സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Discussion about this post