ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആകാശത്തിന്റെ അതിരുകളെ ഭേദിച്ച് അമേരിക്കയിൽ നിന്ന് ആദ്യ റോക്കറ്റ് കുതിച്ചു.് എല്ലാവരെയും പോലെ അന്ന് ഭാരതീയരും എന്നെങ്കിലുമൊരിക്കൽ ത്രിവർണമേറ്റി നമ്മുടെ മണ്ണിൽ നിന്നും ഒരു റോക്കറ്റ് കുതിയ്ക്കുന്നത് സ്വപ്‌നം കണ്ടു. അന്ന് ഭാരതം സ്വതന്ത്രമാവും മുൻപേ കണ്ട ആ സ്വപ്‌നത്തിന് 1969 ൽ ചിറക് മുളച്ചു. അന്നായിരുന്നു ഐഎസ്ആർഒയുടെ പിറവി.. ഇന്ന് റോക്കറ്റുകളും കടന്ന് ചന്ദ്രനിൽ ആരും എത്താത്ത പ്രദേശത്ത് വരെ എത്തിപ്പെടാനുള്ള കരുത്തിലേക്ക് ഇന്ത്യയുടെ ഇസ്രോ വളർന്നിരിക്കുന്നു. ബഹിരാകാശ മേഖലയിലെ പുത്തൻപരീക്ഷണങ്ങളിലൂടെയും വിജയങ്ങളിലൂടെയും എന്നും ഇസ്രോ ലോകത്തെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴിതാ ഇസ്രോയുടെ ചിറകിലേറി സ്വകാര്യ ബഹിരാകാശ വ്യവസായത്തിൽ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യ.
അഗ്നിബാൻ റോക്കറ്റിന്റെ വിജയത്തിലൂടെയാണ് രാജ്യം ചരിത്രം കുറിച്ചിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ സ്റ്റാർട്ട്അപ്പായ അഗ്നികുൽ കോസ്‌മോസിന്റേതാണ് അഗ്നിബാൻ റോക്കറ്റ്. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റിന്റെ കരുത്ത് ലോകത്തിലെ ആദ്യ സിംഗിൾ പീസ് 3ഡി പ്രിന്റഡ് സെമി ക്രയോജനിക് എൻജിനാണെന്നതാണ് പ്രത്യേകത.വിക്ഷേപണച്ചെലവ് വലിയതോതിൽ കുറയ്ക്കാൻ സെമി ക്രയോജനിക് എൻജിനുകൾക്കാകും. ഇത് കുറഞ്ഞ ചിലവിൽ കൂടുതൽ ദൗത്യങ്ങൾ നടത്താൻ സഹായിക്കും.
ശ്രീഹരിക്കോട്ടയിലെ സ്വന്തം വിക്ഷേപണത്തറയിൽ നിന്നാണ് അഗ്നികുൽ കോസ്‌മോസ് തങ്ങളുടെ കോസ്‌മോസ് സംഭവിച്ചത്. വികസിപ്പിച്ച അഗ്നിബാൻ സബ് ഓർബിറ്റൽ ടെക്ക് ഡെമോൺസ്‌ട്രേറ്റർ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 575 കിലോഗ്രാം ഭാരവും 6.2 മീറ്റർ നീളവുമുള്ളതാണ് റോക്കറ്റ്. രണ്ടുമിനിറ്റ് നീണ്ട വിക്ഷേപണത്തിന് ശേഷം റോക്കറ്റ് ബംഗാൾ ഉൾക്കടലിൽ പതിച്ചു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് അഗ്‌നിബാൻ റോക്കറ്റിന്റെ വിക്ഷേപണം മാർച്ച് 22 മുതൽ നാല് തവണ മാറ്റിവെച്ചിരുന്നു.
സബ്-കൂൾഡ് ലിക്വിഡ് ഓക്‌സിജൻ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ സിസ്റ്റം ആണ് റോക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കെറോസിനും മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജനും അടങ്ങുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനമാണ് റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. 300 കിലോഗ്രാം പേലോഡ് 700 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ അഗ്നിബാന് സാധിക്കും.
ടീമിന്റെ 1000 മണിക്കൂർ നീണ്ട അവലോകനങ്ങളുടെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയാണ് വിക്ഷേപണവിജയമെന്ന് അഗ്‌നികുൽ കോസ്മോസ് സഹസ്ഥാപകനും സിഇഒയുമായ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു. ഇന്ത്യയിൽ യഥാർത്ഥ ബഹിരാകാശ യോഗ്യമായ ഹാർഡ്വെയർ രൂപകൽപ്പന ചെയ്യാനും നിർമിക്കാനും ഇൻ-സ്പേസിന്റെയും ഐഎസ്ആർഒയുടെയും പൂർണ പിന്തുണയും അവസരവും ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹീതരാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. എയറോസ്‌പേസ് എൻജിനീയർമാരായ ശ്രീനാഥ് രവിചന്ദ്രനും എസ്പിഎം മോയിനും ചേർന്ന് 2017 ലാണ് അഗ്നികുൽ കോസ്‌മോസ് കമ്പനി സ്ഥാപിച്ചത്. ആഗോളതലത്തിൽ വലിയ മാർക്കറ്റുള്ള ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന തരത്തിലുള്ള റോക്കറ്റുകൾ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യൻ കമ്പനിയ്ക്ക് വലിയ രീതിയിൽ വളർച്ച പ്രാപിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
Discussion about this post