പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മൂന്നാമൂഴം പ്രവചിച്ചാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ അവസാനിച്ചത്. എല്ലാ എക്‌സിറ്റ് പോൾ ഏജൻസികളും എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്നും പ്രവചിക്കുന്നു. എൻഡിഎ സർക്കാരിന്റെ ഭരണത്തിന് കീഴിൽ സമസ്ത മേഖലകളിലും വൻ മുന്നേറ്റം നടത്താൻ രാജ്യത്തിന് കഴിഞ്ഞു. വീണ്ടും ഇതേ സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യം സമ്പൂർണ വികസനത്തിലേക്ക് കുതിയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഒന്നാം മോദി സർക്കാരും രണ്ട് മോദി സർക്കാരും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. റെയിൽ വേ, ഹൈവേ, വ്യോമയാനം എന്നീ രംഗങ്ങൾ ആയിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ 10 വർഷം കൊണ്ട് ഈ മൂന്ന് മേഖലകളിലും ഉണ്ടായ വളർച്ച വികസിത രാജ്യങ്ങളെ പോലും ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ഹൈവേ വികസനത്തിന്റെ 60 ശതമാനവും പൂർത്തിയാക്കിയ മോദി സർക്കാർ ആയിരുന്നു. 2014 ൽ 91,287 കിലോ മീറ്റർ ആയിരുന്നു ദേശീയ പാതകളുടെ നീളം. ഇത് 146,145 കിലോ മീറ്ററായി ഉയർത്തി. നാല് വരി പാതകളുടെ നീളം 18,387കിലോ മീറ്ററിൽ നിന്നും 46, 179 കിലോ മീറ്ററായി ഉയർത്തി.
രാജ്യത്തിന്റെ ജീവനാഡിയെന്നാണ് റെയിൽവേയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 5.85 ബില്യൺ യാത്രികരായിരുന്നു രാജ്യ വ്യാപകമായി തീവണ്ടിയിൽ യാത്ര ചെയ്തത്. മോദി സർക്കാർ നടപ്പാക്കിയ റെയിൽവേ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ആയിരുന്നു വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. ട്രെയിനുകളിൽ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കി. പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ച് വ്യോമയാന മേഖലയുടെ അടിത്തറ കൂടുതൽ ശക്തമാക്കി. വിമാനത്താവളങ്ങൾ നവീകരിച്ചു. ചെറു പ്രദേശങ്ങൾ പോലും രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തിൽ ഇടംപിടിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാർ നൽകിയ ഈ കരുത്താണ് മൂന്നാംവരവിന് വഴിയൊരുക്കുന്നത്. മൂന്നാംവട്ടവും മോദി അധികാരത്തിൽ എത്തുന്നതോടെ ഈ മൂന്ന് രംഗങ്ങളുടെയും വികസനം ഏറെക്കുറേ പൂർണമാകും. 2024- 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഹൈവേ വികസന രംഗത്ത് വമ്പൻ പദ്ധതികൾ നടപ്പിലാക്കുകയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും മാതൃക പെരുമാറ്റചട്ടം വന്നതോടെ തുടരാനായില്ല. ജൂലൈ മുതൽ വീണ്ടും നടപടിക്രമങ്ങൾ ആരംഭിക്കും.
കൂടുതൽ വന്ദേഭാരത് തീവണ്ടികളെ ട്രാക്കിലിറക്കി റെയിൽവേ വികസനത്തിന്റെ വേഗം കൂട്ടാനാണ് മൂന്നാം മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി റെയിൽവേ ട്രാക്കുകൾ നവീകരിക്കും. 2030 ഓട് കൂടി രാജ്യത്ത് 800 വന്ദേ ഭാരത് തീവണ്ടി സർവ്വീസുകൾ ആരംഭിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ 2030 ന് തന്നെ ഈ ലക്ഷ്യം പൂർത്തീകരിക്കാൻ മോദി സർക്കാരിന് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോച്ചുകൾ ആധുനിക വത്കരിച്ചുകൊണ്ട് സാധാരണക്കാരുടെ തീവണ്ടിയാത്ര കൂടുതൽ സുഗമമാക്കുകയും മോദി സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.
ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന ഹബ്ബ് ആക്കാൻ ലക്ഷ്യമിട്ടായിരിക്കും മൂന്നാം മോദി സർക്കാരിന്റെ പ്രവർത്തനം. എല്ലാ വിമാനത്താവളങ്ങളും നവീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ളതാക്കി മാറ്റും. കൂടുതൽ വിമാനത്താവളങ്ങളുടെ നിർമ്മാണം, വിമാനത്താവളങ്ങളുടെ ആധുനിക വത്കരണം എന്നിവയും കേന്ദ്രസർക്കാർ ലക്ഷ്യമാണ്. ഈ മേഖലകളിൽ ഉൾപ്പെടെ മൂന്നാം മോദി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ഉറപ്പ്.
Discussion about this post