തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകൾ പുറത്തു വന്നതിന് പിന്നാലെ ആര് വിജയിക്കുമെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തങ്ങളുടെ നേതാവ് ജയിക്കുമെന്ന് ഒരു കൂട്ടർ തർക്കിച്ചപ്പോൾ മറ്റൊരു വിഭാഗം ബെറ്റുവച്ചു. അത്തരത്തിൽ തൃശ്ശൂരിലെ കോൺഗ്രസ്- ബിജെപി അനുഭാവികൾ തമ്മിൽ വച്ച ബെറ്റായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയത്.
കോൺഗ്രസ് പ്രവർത്തകൻ തെക്കൻ ബൈജുവും, ബിജെപി പ്രവർത്തകൻ ചില്ലി സുനിയുമായിട്ടായിരുന്നു ബെറ്റുവച്ചത്. തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിച്ചാൽ തന്റെ വാഗ്‌നർ കാർ ചില്ലി സുനിയ്ക്ക് നൽകുമെന്നായിരുന്നു ബൈജുവിന്റെ പ്രഖ്യാപനം. അങ്ങിനെയെങ്കിൽ കോൺഗ്രസ് ജയിച്ചാൽ തന്റെ സ്വിഫ്റ്റ് കാർ നൽകാമെന്ന് ചില്ലി സുനിയും വാക്ക് നൽകി. എന്നാൽ തൃശ്ശൂരിൽ നിന്നുള്ള അന്തിമ ഫലം വരുമ്പോൾ ചില്ലി സുനിയാണ് ബെറ്റിൽ ജയിച്ചിരിക്കുന്നത്. ഇതോടെ ബൈജുവിന്റെ വാഗ്‌നർ കാർ ചില്ലി സുനിയ്ക്ക് സ്വന്തം.
ചില്ലി സുനി ബെറ്റ് വച്ചത് പോലെ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചു. അതും വമ്പിച്ച ഭൂരിപക്ഷത്തിൽ. 75,0000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇതോടെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു ചില്ലി സുനിയുടെയും ബൈജുവിന്റെയും ബെറ്റിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സുഹൃത്തുക്കളായ ചിലരെ സാക്ഷിയാക്കിയായിരുന്നു ഇരുവരും ബെറ്റുവച്ചത്. നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു ഈ ദൃശ്യങ്ങൾ വൈറൽ ആയത്.
Discussion about this post