കുട്ടിക്കാലത്ത് അമ്പിളിക്കല കൈ നീട്ടിപിടിക്കാൻ വാശിപിടിച്ച കുട്ടി, നീൽ ആംസ്‌ട്രോങ് എന്ന ബഹിരാകാശ സഞ്ചാരിയായി ചന്ദ്രനെ കീഴടക്കിയത് നാം അഭിമാനത്തോടെയാണ് കേട്ടറിഞ്ഞത്… അതെ, മനുഷ്യനെ അത്രയേറെ ഭ്രമിപ്പിക്കുന്നതാണ് ആകാശക്കാഴ്ചകളും രഹസ്യങ്ങളും. നിഗൂഢതകളും വിസ്മയങ്ങളും നിറഞ്ഞ ബഹിരാകാശത്ത് താമസമാക്കാനുള്ള പദ്ധതിവരെയെത്തി ഇന്ന് കാര്യങ്ങൾ. ബഹിരാകാശത്തിൽ ആരംഭിച്ച സ്വപ്‌നം ഇന്ന് ചന്ദ്രനും ചൊവ്വയും കടന്ന് സൂര്യൻ വരെ എത്തിനിൽക്കുന്നു. മാനവരാശിയുടെ സ്വപ്‌നത്തിലുണ്ടായിരുന്ന ബഹിരാകാശം ആദ്യം തൊട്ടറിഞ്ഞത്, അനുഭവിച്ചറിഞ്ഞത് യൂറിഗഗാറിൻ എന്ന സോവിയറ്റ് യൂണിയനുകാരനാണെന്നാണ് അറിയാത്തവരായി ആരും ഉണ്ടാവില്ല… എന്നാൽ ബഹിരാകാശത്ത് ഭൂമിയിൽ നിന്നെത്തിയ ആദ്യത്തെ ജീവി ഏതാണ്?
ഉത്തരംമുട്ടിയല്ലേ… ബാക്ടീരിയകളോ മറ്റോ അബദ്ധത്തിൽ റോക്കറ്റുകളിൽ കയറിപ്പറ്റി എത്തിയിട്ടുണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും മനുഷ്യൻ മുൻകൈ എടുത്ത് ബഹിരാകാശ യാത്രയ്ക്ക് അയച്ച ആദ്യ ജീവി പഴം ഈച്ചയാണ്. ജീവശാസ്ത്രത്തിലെ ഒട്ടുമിക്ക പരീക്ഷണങ്ങൾക്കും വിധേയമാകാൻ വിധിക്കപ്പെട്ട പഴഈച്ചകളെ 1947 ൽ അമേരിക്കയായിരുന്നു റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേക്ക് കയറ്റി വിട്ടത്.
ഈ പരീക്ഷണം കഴിഞ്ഞതോടെ, മനുഷ്യനെ പോലെയുള്ള വലിയ ജീവികൾക്ക് ബഹിരാകാശത്ത് അതിജീവിക്കാനാവുമോ എന്നതായി അടുത്ത സംശയം. അങ്ങനെ ഇതിനുത്തരം കണ്ടെത്താനായി 1948 ൽ അമേരിക്ക കുരങ്ങൻമാരെ അയച്ചു. ആൽബെർട്ട് എന്ന സീരീസിൽ ഒരുപാട് കുരങ്ങന്മാരെ ബഹിരാകാശ യാത്രയ്ക്ക് പറഞ്ഞയച്ചെങ്കിലും അതിൽ മൂന്നിൽ ഒരുഭാഗം മാത്രമാണ് അതിജീവിച്ചത്. എന്നാൽ ഇവയ്‌ക്കൊന്നും ഭൂമിയുടെ ഭ്രമണപഥത്തിലെത്താൻ സാധിച്ചില്ല.
പരീക്ഷണങ്ങൾ അവിടം കൊണ്ട് അവസാനിച്ചില്ല… അമേരിക്ക കുരങ്ങനെ അയച്ചെങ്കിൽ ഞങ്ങൾ പട്ടികളെ അയയ്ക്കുമെന്നായി സോവിയറ്റ് യൂണിയൻ.. 1957 ൽ അവർ ലെയ്ക എന്ന നായയെ ബഹിരാകാശ സഞ്ചാരിയാക്കി. സ്പുട്‌നിക് 2 എന്ന പേടകത്തിലായിരുന്നു അവളുടെ യാത്ര. എന്നാൽ ദൗർഭാഗ്യവശാൽ ലെയ്ക ആ യാത്രയെ അതിജീവിച്ചില്ല. എന്നാൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യത്തെ ജീവിയെന്ന നേട്ടം അവൾ സ്വന്തമാക്കി. മനുഷ്യനുമായി ഏറെ സാമ്യമുള്ളതിനാൽ അടുത്ത തവണ ചിമ്പാൻസിയെ ആയിരുന്നു അമേരിക്ക തിരഞ്ഞെടുത്തത്. 1961 ൽ ഹാം എന്ന ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് അയക്കുകയും അത് വിജയകരമായി ജീവനോടെ തിരിച്ചെത്തുകയും ചെയ്തത് വലിയ നേട്ടമായി. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാനുള്ള സ്വപ്‌നത്തിലേക്ക് അടുത്തുവെന്ന് വ്യക്തമായതോടെ പരീക്ഷണങ്ങൾ ശക്തിപ്പെട്ടു.
ഇതിനിടെ എലികളെയും ഗിനിപ്പന്നികളെയും പൂച്ചകളെയും വരെ ബഹിരാകാശത്തേക്ക് എത്തിച്ചു. ഇതിൽ 1963 ൽ ഫ്രാൻസ് ഫെലിക്‌സ് എന്ന പൂച്ചയെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ജീവനോടെ എത്തിച്ചു. എന്നാൽ മറ്റൊരു ബഹിരാകാശ യാത്രയിൽ ഫെലിക്‌സ് ചത്തുപോയി. അവസാനം 1961 ഏപ്രിൽ 12 ന് ചരിത്രം കുറിക്കപ്പെട്ടു. സോവിയറ്റ് യൂണിയൻ, മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു. യൂറിഗഗാറിൻ ആ ബഹിരാകാശ സഞ്ചാരിയെ ലോകം വാഴ്ത്തി. പിന്നീട് ഒരുപാട് മനുഷ്യർ ബഹിരാകാശത്തെ തൊട്ടറിഞ്ഞു.. തൊട്ടപ്പുറത്തെ ചന്ദ്രനിൽ വരെ കാലുകുത്തി… എന്നാൽ പേരുപോലും ഇല്ലാത്ത,കാത്തിരിക്കാൻ ആരുമില്ലാത്ത ഒരുപാട് ജീവികളുടെ മരണം കൊണ്ട് വെട്ടിയുണ്ടാക്കിയ വഴിയിലൂടെയാണ് മനുഷ്യൻ സ്വപ്‌നസാക്ഷാത്കരത്തിലേക്കുള്ള പടവുകൾ കെട്ടിപ്പൊക്കിയതെന്ന് ഓർക്കാതെ വയ്യ…
Discussion about this post