ജറുസലേം: ഗാസയിലെ ഹമാസ് ഭീകരരുടെ ഒളിത്താവളമായ സ്‌കൂൾ തകർത്ത് ഇസ്രായേൽ. 27 ഭീകരരെ വധിച്ചു. അർദ്ധരാത്രി നടത്തിയ വ്യോമാക്രമണത്തിൽ ആയിരുന്നു ഭീകരരുടെ താവളം ഇസ്രായേൽ തകർത്തത്.
സെൻട്രൽ ഗാസയിലെ നുസീറത്തിലുള്ള സ്‌കൂളിന് നേരെയായിരുന്നു വ്യോമാക്രമണം. സംഘർഷത്തിനിടെ നിരവധി ഭീകരർ ഇവിടെ ഒളിച്ച് കഴിയുന്നതായി ഇസ്രായേൽ സേനയ്ക്ക് വ്യക്തമായിരുന്നു. ഇതോടെയായിരുന്നു സ്‌കൂൾ വ്യോമാക്രമണത്തിൽ തകർത്തത്. സംഭവത്തിൽ നിരവധി ഭീകരർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
അതേസമയം ഇസ്രായേൽ വ്യോമാക്രമണം നടത്തിയ സ്‌കൂൾ അഭയാർത്ഥി ക്യാമ്പായിരുന്നുവെന്നാണ് പലസ്തീനിന്റെ വാദം. കൊല്ലപ്പെട്ടവർ സാധാരണക്കാർ ആയിരുന്നുവെന്നും പലസ്തീൻ ആരോപിക്കുന്നുണ്ട്. എന്നാൽ ഭീകരരുടെ താവളത്തിന് നേരെ ആക്രമണം നടത്തുന്നതിന് മുന്നോടിയായി പരിസരത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായി ഇസ്രായേൽ സേന വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ- ഹമാസ് സംഘർഷം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിനിടെ സംഘർഷം പരിഹരിക്കാൻ ലോക രാജ്യങ്ങളുടെ നേതൃത്വത്തിൽ സമാധാന ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
Discussion about this post