വികസനത്തിന്റെ ട്രാക്കിലാണ് ഇന്ന് ഇന്ത്യ… വൻനഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് വികസനമന്ത്രം ഒരുപോലെ മുഴങ്ങികേൾക്കുന്നു. ഇപ്പോഴിതാ അതിവേഗ റെയിൽ ശൃംഖലയുള്ള ചൈനയോട് മുട്ടാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതും തദ്ദേശീയമായി ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ചുകൊണ്ട്. എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാനുള്ള വക ഇപ്പോൾ പണിപ്പുരയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമ്മിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് നമ്മുടെ റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024-25 പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് ട്രെയിനുകൾ നിർമ്മിക്കണമെന്ന് ഐസിഎഫിനോട് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് അധികം വൈകാതെ തന്നെ ട്രാക്കിലെ കൊടുങ്കാറ്റാവാൻ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ എത്തുമെന്ന് സാരം.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ എല്ലാ ട്രെയിനുകളെയും വെല്ലുന്ന അത്യാധുനിക സൗകര്യങ്ങളും വേഗതയുമാണ് തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. വന്ദേഭാരതിന്റെ പ്ലാറ്റ്ഫോമിൽ ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകൾ നിർമിക്കുക. തദ്ദേശീയ സാങ്കേതികവിദ്യയും ആഭ്യന്തരോത്പാദനവും കൂടുതലായി പ്രയോജനപ്പെടുത്തി സ്റ്റാൻഡേർഡ് ഗേജിലായിരിക്കും നിർമാണമത്രയും. എട്ടുകോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഇവ.
‘വന്ദേ ഭാരത് ട്രെയിനുകളുടെ ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്, 2025 മാർച്ചോടെ 250 കിലോമീറ്റർ സ്റ്റാൻഡേർഡ് ഗേജ് ട്രെയിൻ വികസിപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്ന്’ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഐസിഎഫിന്റെ മുൻ ജനറൽ മാനേജർ സുധാൻഷു മണി പറയുന്നു.
പദ്ധതി വിജയകരമായാൽ നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളേക്കാൾ വേഗതയിലാകും പുതിയ ബുള്ളറ്റ് ട്രെയിനുകൾ സഞ്ചരിക്കുക. ഇന്ത്യൻ റെയിൽവേയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്വപ്നപദ്ധതിയായ അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഉപയോഗിക്കുന്നത് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ആണ്. ഈ റൂട്ടിൽ ഷിൻകാൻസെൻ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 320 കിലോമീറ്റർ വേഗത കൈവരിക്കാനാകും.
നിലവിൽ 22ഓളം രാജ്യങ്ങളാണ് അതിവേഗ റെയിൽപ്പാത കാര്യക്ഷമമായി ഉപയോഗിക്കുന്നത്. ഇതിൽ ലോകത്ത് ഏറ്റവും വലിയ അതിവേഗ റെയിൽ പാതയുള്ള രാജ്യം ചൈനയാണ്. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ചിറകിലേറി ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാകുന്നതോടെ വികസിത രാജ്യമായ ചൈനയോളം ഇന്ത്യ വളരുകയാണെന്ന് നമുക്ക് ഉറപ്പിക്കാം.
Discussion about this post