കോഴിക്കോട് : തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയെ ചൊല്ലിയുള്ള തമ്മിലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോൽവിയെ മറികടന്ന് എല്ലാ പ്രവർത്തകരും ഒരുമിച്ച് നിൽക്കണം. അടിയും പോസ്റ്ററും യുദ്ധവും എല്ലാം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് അന്വഷിക്കാൻ കമ്മീഷനെ വച്ചാൽ അത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും എന്നും കെ മുരളിധരൻ കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കഴിഞ്ഞു, അതിൽ അപ്രതീഷ തോൽവി സംഭവിക്കുകയും ചെയ്തു. ഇതിൽ പാർട്ടിക്കുള്ളിൽ അടിയും ഇടിയും എന്തിനാണ്. ഇനി തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഇങ്ങനെ തമ്മിലടി തുടർന്നാൽ തിരഞ്ഞെടുപ്പിനെ ബാധിക്കും. കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമാക്കരുത്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം – മുരളീധരൻ പറഞ്ഞു.
അതേസമയം പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടിയിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പാർട്ടിയിൽ നിരവധി നേതാക്കൾ ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടിലേക്ക് മത്സരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോൾ മത്സരിക്കാൻ പറ്റുന്ന മൂഡിലല്ല താൻ . രാജ്യസഭയിലേക്ക് ഒരു തരത്തിലും പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരനെ മാറ്റരുത് . അദ്ദേഹത്തെ ഇപ്പോൾ ആ സ്ഥാനത്ത് നിന്ന് മാറ്റാൻ പാടില്ല. തദ്ദേശതിരഞ്ഞെടുപ്പ് വരെ അദ്ദേഹം തുടരണമെന്നും മുരളീധരൻ പറഞ്ഞു.
Discussion about this post