‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ സംവിധായകനും രണ്ട് നിര്‍മ്മാതാക്കള്‍ക്കുമെതിരെ കോസ്റ്റ്യൂം ഡിസൈനറുടെ പരാതി. സിനിമയുടെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്താതിരുന്ന നടപടി ചോദ്യം ചെയ്ത് ഡിസൈനറായ ലിജി പ്രേമന്‍ എറണാകുളം മുന്‍സിഫ് കോടതിയെയും സമീപിച്ചു. ലിജി സംവിധായകനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവര്‍ക്കും എതിരെ എറണാകുളം സിറ്റി പൊലീസിന് പരാതി നല്‍കി.
45 ദിവസത്തെ തൊഴില്‍ കരാറില്‍ രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസത്തേക്ക് നീണ്ടു. നിര്‍മ്മാതാക്കളുമായുള്ള കരാര്‍ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നല്‍കിയില്ലെന്നതാണ് പൊലീസിന് നല്‍കിയ പരാതിയുടെ ഉള്ളടക്കം.
കരാര്‍ അനുസരിച്ച് കോസ്റ്റ്യൂം ഡിസൈന്‍ ജോലികളുടെ മുക്കാല്‍ പങ്കും പൂര്‍ത്തിയാക്കി. എന്നാല്‍ ചിത്രത്തിലെ ക്രെഡിറ്റ് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയില്ല. തന്റെ പേര് ഉള്‍പ്പെടുത്താതെയുള്ള ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോമിലെ റിലീസ് തടയണമെന്നാണ് ലിജി പ്രേമന്റെ ഹര്‍ജിയിലെ ആവശ്യം.
പ്രതിഫലത്തുകയുടെ ബാക്കിയായ 75,000 രൂപ തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംവിധായകന്റെയും നിര്‍മ്മാതാക്കളുടെയും നടപടി മൂലം തനിക്ക് മാനസിക വിഷമമുണ്ടായി. ഇതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എറണാകുളം മുന്‍സിഫ് കോടതിയില്‍ ലിജി പ്രേമന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
Discussion about this post