തൃശ്ശൂർ: അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അങ്കിതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുക. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ, തൃശൂർ സ്വദേശി പി സുധാകരൻ എന്നിവരാണ് ഹർജി നൽകിയത്.
അങ്കിത് അശോകിന്റെ അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്റെ അന്തസ്സും പ്രൗഡിയും നശിപ്പിച്ച് പൂരം നടത്തിപ്പിനെ പ്രതിസന്ധിയിൽ ആക്കിയെന്നാണ് ഹർജിയിലെ ആരോപണം. ഹർജിയിൽ കൊച്ചി ദേവസ്വം ബോർഡ് അടക്കം എതിർകക്ഷികളാണ്. ഇവരുടെ വിശദീകരണം കോടതി തേടിയിരുന്നു. ഡിവിഷൻ ബെഞ്ചിന് മുൻപിലാണ് ഹർജി.
തൃശ്ശൂർ പൂരത്തിന്റെ അന്ന് പോലീസ് നടപ്പിലാക്കിയ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് ചരിത്രത്തിലാദ്യമായി ചടങ്ങുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും അവരോട് കയർക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനം ആയിരുന്നു പോലീസിനെതിരെ ഉയർന്നത്. എന്നാൽ ഒരു കുടയുമായി നിരവധി പേർ അകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴായിരുന്നു തടഞ്ഞത് എന്നാണ് പോലീസിന്റെ വിശദീകരണം. ഇക്കാര്യമുൾപ്പെടെ ഹർജി പരിഗണിക്കുമ്പോൾ കോടതിയുടെ പരിഗണനയിൽ ഉണ്ടാകും.
Discussion about this post