ആലപ്പുഴ: സിനിമാ മോഡലിൽ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയ യൂട്യൂബർ സഞ്ജു ടെക്കി കൂടുതൽ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തൽ. യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. ഇതോടെ സഞ്ജുവിന്റെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യാനാണ് ആർടിഒയുടെ തീരുമാനം. ഇതിനായി യൂട്യൂബർക്ക് നോട്ടീസും നൽകി.
അമിത വേഗതയിൽ വാഹനമോടിക്കൽ, മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിയ്ക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ ആണ് ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ആർടിഒയ്ക്ക് മുൻപാകെ ഇന്ന് ഹാജരാകാനും സഞ്ജുവിന് നിർദ്ദേശം നൽകി.
17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവിൽ കേസുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ നിയമലംഘനങ്ങൾ യൂട്യൂബർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്നാണ് ഇയാളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുള്ള ആർടിഒയുടെ തീരുമാനം.
ഇതിനിടെ മറ്റൊരു സംഭവത്തിൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കാനും ആർടിഒ ഒരുങ്ങുന്നുണ്ട്. നായയെ മടിയിൽ ഇരുത്തി കാർ ഡ്രൈവ് ചെയ്ത സംഭവത്തിലാണ് ആർടിഒ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.
Discussion about this post