കോട്ടയം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. മൂന്ന് തവണ ഫോൺ വിളിച്ചിട്ടും അന്വേഷണവുമായി സഹകരിക്കാൻ അർജുൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് നോട്ടീസയച്ചത്.
അർജുന്റെ ഭാര്യാപിതാവ് ബാർ ഉടമയാണ്. ഇടുക്കിയിലെ ബാറുടമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അർജുനും അംഗമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
മദ്യനയത്തിന് ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് കോഴ നൽകാൻ ബാർ ഉടമകൾ പിരിവ് നടത്തിയതിന്റെ തെളിവുകൾ പുറത്ത് വന്നതാണ് അന്വേഷണത്തിന് കാരണം. കോഴയ്ക്കായി പണം ആവശ്യപ്പെട്ടുകൊണ്ട് ബാർ ഉടമ അനിൽ മോൻ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാലത്തിന് ശേഷം ബാർ മകാഴ വിവാദം വീണ്ടും ഉയർന്നുവന്നത്. ഡ്രൈ ഡേ പിൻവലിക്കൽ, ബാറിന്റെ പ്രവർത്തന സമയം വർദ്ധിപ്പിക്കൽ എന്നീ കാര്യങ്ങൾ സർക്കാർ ചെയ്തു തരുന്നതിന് പ്രത്യുപകാരമായി തിരികെ എന്തെങ്കിലും ചെയ്യണമെന്നും അതിനായി പണപ്പിരിവ് വേണമെന്നും ആയിരുന്നു ശബ്ദ സന്ദേശത്തിൽ ഉണ്ടായിരുന്നത്.
Discussion about this post