ചായ ഓർഡർ ചെയ്താൽ നൂഡിൽസ് കിട്ടും, നൂഡിൽസ് ഓർഡർ ചെയ്താൽ ചിലപ്പോൾ സുഷി കിട്ടും.. ഇനി ജ്യൂസ് ഓർഡർ ചെയ്താലോ ഒരു പക്ഷേ സ്‌ട്രോയിട്ട കാപ്പി ആയിരിക്കും നമുക്ക് മുൻപിൽ എത്തുക…..ജപ്പാനിലെ ഒരു റസ്റ്റോറന്റിൽ എത്തിയാൽ ഇതാകും നമുക്ക് ഉണ്ടാകുന്ന അനുഭവം… ഇതിന് ഒരു കാരണവും ഉണ്ട്. വിഭവങ്ങൾ മാറി നൽകിയാലും ലോകത്തിന് ഈ റെസ്‌റ്റോറന്റ് ഒരു അത്ഭുതം ആണ്.
തെറ്റായ ഓർഡറുകളുടെ സ്ഥലം, ഓർഡറുകൾ മാറിപ്പോകുന്ന ഇടം എന്നിങ്ങനെയെല്ലാമാണ് ഈ റെസ്‌റ്റോറന്റ് അറിയപ്പെടുന്നത്. ജാപ്പനീസ് ടെലിവിഷൻ ഡയറക്ടർ ആയ ഷിരോ ഒഗ്നിയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. 2017 ലായിരുന്നു റെസ്‌റ്റോറന്റ് ആരംഭിച്ചത്. ഇവിടെ ജോലി ചെയ്യുന്നവർ എല്ലാവരും തന്നെ മറവിരോഗമായ ഡിമെൻഷ്യ ബാധിച്ചവരാണ്. ഇതുകൊണ്ടാണ് ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് പകരമായി മറ്റ് വിഭവം നമുക്ക് മുൻപിൽ എത്തുന്നത്.
സൂപ്പർ-ഏജിംഗ് സൊസൈറ്റി എന്നറിയപ്പെടുന്ന ജപ്പാനിൽ നിരവധി ഡിമെൻഷ്യ രോഗികളാണ് ഉള്ളത്. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന രോഗമായതിനാൽ ഇത് ബാധിച്ചവർ വീടുകളിൽ തന്നെ ഒതുങ്ങി കഴിയേണ്ട സാഹചര്യം ഉണ്ടാകുന്നു. ഇതിനെ അൽപ്പം കരുതലോടെ നേരിടുകയാണ് റെസ്‌റ്റോറന്റിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ഡിമെൻഷ്യ രോഗികൾക്ക് അവരുടെ ജീവിതം ആസ്വദിക്കാനും കഴിയുന്നു. 2025-ഓടെ അഞ്ചിലൊരാളെ ഡിമെൻഷ്യ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുന്നിൽ കണ്ട് കൂടിയാണ് ഇങ്ങിനെയൊരു റസ്റ്റോറന്റിന്റ് തുടക്കമിട്ടത്.
ഓർഡർ ചെയ്ത ഭക്ഷണം മാറിപ്പോയാൽ ഇവിടെയെത്തുന്ന ആർക്കും പരാതിയോ പരിഭവമോ ഇല്ല. കാരണം ഇവിടുത്തെ ജീവനക്കാരെ കുറിച്ചും അവരുടെ വൈകല്യത്തെ കുറിച്ചും തികഞ്ഞ ധാരണയുള്ളവർ ആണ് ഈ റെസ്‌റ്റോറന്റിൽ എത്താറുള്ളത്.
പരാതിയ്ക്ക് പകരം അവർ നൽകുന്നതും കഴിച്ച് സംതൃപ്തിയോടെയാണ് മടങ്ങാറുള്ളത്. മടങ്ങുമ്പോൾ ജീവനക്കാർക്കായി ഒരു പുഞ്ചിരിയും ഇവർ സമ്മാനിക്കാറുണ്ട്.
ഭക്ഷണത്തേക്കാൾ ഉപരി ഓർമ്മകൾ ഇല്ലാത്ത മനുഷ്യർക്ക് ഒരു ചെറിയ സന്തോഷം ആകുകയാണ് ഇവിടെയെത്തുന്നവർ. ഡിമെൻഷ്യ രോഗികളെ സാധാരണ ജീവിതം തുടരാൻ അവസരം ഒരുക്കുക എന്നതിലുപരി യെക്കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണ നീക്കുകയും ഈ റസ്‌റ്റോറന്റിന്റെ ലക്ഷ്യമാണ്.
ജപ്പാൻ സർക്കാർ ആണ് ഈ റെസ്റ്റോറന്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വളരെ വേഗം തന്നെ ഈ റെസ്‌റ്റോറന്റ് ലോക ശ്രദ്ധ പിടിച്ചുപറ്റി എന്നതാണ് വാസ്തവം. ലോകരാജ്യങ്ങൾക്ക് ഈ റസെറ്റോറന്റിനെ മാതൃകയാക്കാൻ കഴിയും എന്നാണ് ഇതിലൂടെ ജപ്പാൻ സർക്കാർ പ്രതീക്ഷിക്കുന്നത്.
Discussion about this post