ലാഹോര്‍: വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന് അറസ്റ്റിലായ പാക്ക് ആരാധകന് പത്തു വര്‍ഷത്തെ തടവു ലഭിക്കാന്‍ സാധ്യത. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള തന്റെ വീടിന് മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ഉമര്‍ ദ്രാസി(22)നെതിരെയാണ് പത്തുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന കൊണ്ടാണ് ഉമര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്.
പാകിസ്ഥാന് പീനല്‍ കോഡ് സെക്ഷന്‍ 123 എ പ്രകാരമാണ് ഉമറിനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജുഡീഷ്യല്‍ റിമാന്റിലാണ്. കോഹ്ലിയോടുള്ള സ്നേഹത്തിന്റെ പേരിലാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തിയതെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും ഉമര്‍ പറഞ്ഞു.
കുറ്റം ചെയ്തതായി ഒരു വിശ്വാസം തനിക്കില്ലെന്നും. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ തനിക്ക് മാപ്പ് നല്‍കണമെന്നും അധികൃതരോട് ഉമര്‍ പറഞ്ഞു. ഉമറിന്റെ വീട്ടില്‍ നിന്നും ഇന്ത്യന്‍ കൊടിയും കോഹ്ലിയുടെ ചിത്രങ്ങളും പോസ്റ്ററുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പഞ്ചാബിലെ ഒകാരാ ജില്ലയില്‍ തയ്യല്‍ക്കാരനാണ് ഉമര്‍. ജനുവരി 26ന് നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും കോഹ്ലി 90 റണ്‍സ് നേടുകയും ചെയ്തിരുന്നു. അന്നാണ് വീടിന് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയെന്ന പരാതിയെ തുടര്‍ന്ന് ഉമറിനെ പൊലീസ് അറസ്റ്റ്ചെയ്തത്.
Discussion about this post