തിരുവനന്തപുരം: മദ്യനയത്തിൽ ഇളവുകൾക്കായി പണംപിരിവ് നടത്തുന്നുവെന്ന ശബ്ദരേഖ പുറത്തുവരുന്നതിന് മുൻപ് തന്നെ ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിയ്ക്ക് ലഭിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്.
മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും എക്‌സൈസ്,ടൂറിസം മന്ത്രിമാരുടെയും പേര് പറഞ്ഞ് ബാറുടമാ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഭീഷണിപ്പെടുത്തി പിരിവുനടത്തുകയാണെന്ന് ജില്ലാ ഘടകങ്ങളിലെ അംഗങ്ങളാണ് ഏപ്രിൽ 12 ന് പരാതി നൽകിയിരിക്കുന്നത്.
പരാതി മുഖ്യമന്ത്രി എക്സൈസ് കമ്മിഷണറുടെ അന്വേഷണത്തിനുവിട്ടു. എന്നാൽ, രണ്ടുമാസത്തിനുശേഷം കഴിഞ്ഞദിവസമാണ് കമ്മിഷണർ ബാറുടമകളോട് ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ടത്.
ഓരോ ബാറുകാരും പിരിവുനൽകണമെന്ന് മെയ് 23 ന് എറണാകുളത്തു ചേർന്ന സംഘടനയുടെ യോഗത്തിലാണ് നിർദ്ദേശം വരുന്നത്. യോഗം കഴിഞ്ഞ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ സംഘടനാ അംഗങ്ങൾക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തനസമയം കൂട്ടുക, എക്സൈസ് പരിശോധനകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് മദ്യനയത്തിലൂടെ ഇളവുകൾ ലഭിക്കുന്നതിന് രണ്ടരലക്ഷം രൂപവീതം നൽകണമെന്നായിരുന്നു ശബ്ദസന്ദേശം.
Discussion about this post