കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരണപ്പെട്ട സാഹചര്യത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെടുമ്പാശേരിയിൽ ചെന്നു മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കും. പറ്റാവുന്ന വീടുകളിൽ പോകും. ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടതു കേന്ദ്രസർക്കാരാണ്. മലയാളികൾ മാത്രമല്ലല്ലോ മരിച്ചത്. അതെല്ലാം കണക്കിലെടുത്തു ധനസഹായം പ്രഖ്യാപിക്കും. അപകടം സംഭവിച്ചതിന്റെ കാരണങ്ങളെ പറ്റിയൊക്കെ പറയേണ്ടതു കുവൈത്ത് സർക്കാരാണ്. അവർ അതെല്ലാം കണ്ടെത്തി നമ്മളെ അറിയിക്കും. അവരുടെ നടപടികളിൽ നമുക്ക് ഇടപെടാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈറ്റിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടത്തെ സർക്കാരാണ്. നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post