റിയാദ്: അമേരിക്കയുമായുള്ള 50 വർഷത്തെ പെട്രോ- ഡോളർ കരാർ അവസാനിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇതോടെ യുഎസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താനാകും. 1974 ജൂൺ 8-ന് ഒപ്പുവച്ച ഈ കരാർ യുഎസിന്റെ ആഗോള സാമ്പത്തിക സ്വാധീനത്തിന്റെ പ്രധാന ഭാഗമായിരുന്നു. ഈ കരാർ ജൂൺ ഒമ്പതിനാണ് അവസാനിച്ചത്.എന്നാൽ ഇന്ന് വരെ കരാർ പുതുക്കുകയോ അത് സംബന്ധിച്ച ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം. അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം. സ്വാഭാവികമായും ഡോളറിന്റെ വിലയും ഡിമാൻഡും ഇടിയാനും ഇത് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരടക്കം അഭിപ്രായപ്പെടുന്നത്.. അന്താരാഷ്ട്ര തലത്തിൽ ഡോളറിനുള്ള അപ്രമാദിത്വം ഇല്ലാതാക്കുന്നതിന് ഈ തീരുമാനം കാരണമാകുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട് .കൂടാതെ ലോക സാമ്പത്തികമേഖലയിൽ പോലും കാതലായ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നതാണ് സൗദിയുടെ ഈ വമ്പൻ തീരുമാനം.
കരാറിൽ നിന്ന് പിൻമാറുന്നതോടെ യു.എസ് ഡോളറിന് പകരം ഇനി ഇന്ത്യൻ രൂപ, ചൈനീസ് ആർ.എം.ബി, യൂറോ, യെൻ, യുവാൻ തുടങ്ങി വ്യത്യസ്ത കറൻസികൾ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വിൽക്കാൻ സാധിക്കും. ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്തി വലിയ നേട്ടം കൊയ്യാനാകും.
1972 ൽ തന്നെ അമേരിക്ക തങ്ങളുടെ കറൻസിയെ സ്വർണവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രീതി നിർത്തലാക്കിയിരുന്നു. തുടർന്ന് 1974 ലാണ് പെട്രോഡോളർ സമ്പ്രദായം സ്ഥാപിതമായത്. കരാറിനൊപ്പം സാമ്പത്തിക സഹകരണവും സൗദി അറേബ്യയുടെ സൈനിക ആവശ്യങ്ങളെയും അടിസ്ഥാനമാക്കി രണ്ട് സംയുക്ത കമ്മീഷനുകളും ഇതോടൊപ്പം നിലവിൽ വന്നിരുന്നു. സൗദി അറേബ്യയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ കരാർ പ്രചോദനമാകുമെന്നും അമേരിക്കൻ വിദഗ്ധർ അക്കാലത്ത് അഭിപ്രായപ്പെട്ടിരുന്നു. ഒരു സ്ഥിരതയുള്ള ആഗോള എണ്ണ വിപണി സ്ഥാപിക്കുന്നതിനും സൗദി അറേബ്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള എണ്ണയുടെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു കരാർ. പകരമായി, സൈനിക മെച്ചപ്പെടുത്തലിനും സാമ്പത്തിക സഹകരണത്തിനും സൗദി അറേബ്യയെ സഹായിക്കാൻ അമേരിക്ക സമ്മതിച്ചു.
കരാർ പ്രകാരം, സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിക്ക് യുഎസ് ഡോളറിൽ മാത്രമായി വില നൽകാനും മിച്ചമുള്ള എണ്ണ വരുമാനം യുഎസ് ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കാനും സമ്മതിച്ചു, പകരം യുഎസ് സൈനിക, സുരക്ഷ, സാമ്പത്തിക വികസന സഹായം എന്നിവ വാഗ്ദാനം ചെയ്ത് രാജ്യത്തെ ചാക്കിലാക്കി. 50 വർഷങ്ങൾക്ക് മുൻപ് സൗദി മാത്രമാണ് കരാറിൽ ഒപ്പുവെച്ചതെങ്കിലും പിന്നാലെ ഇതിൻ്റെ ചുവട് പിടിച്ച് മറ്റ് ഒപെക് രാജ്യങ്ങളും എണ്ണ വിൽപനക്ക് ഡോളർ സ്വീകരിച്ചതോടെയാണ് ‘ /യുഎസ് ഡോളർ’ ആഗോള സാമ്പത്തിക സ്ഥിതിയെ നിർണയിക്കുന്ന സുപ്രധാന കണ്ണിയായി മാറിയത്.
കഴിഞ്ഞ കുറേ വർഷങ്ങളായി, ആഗോള സാമ്പത്തികരംഗത്തിൻ്റെ സുഗമമായ ഒഴുക്കിനെ പെട്രോഡോളർ സമ്പ്രദായം വളരെയധികം സ്വാധീനിച്ചു പോന്നു. എണ്ണ ഇടപാടുകൾക്ക് കൃത്യമായ കറൻസി ആവശ്യമായതിനാൽ ഇത് യുഎസ് ഡോളറിന് സ്ഥിരതയുള്ള ഡിമാൻഡ് സൃഷ്ടിച്ചു. ഇതോടെ യുഎസ് ഡോളറിന്റെ മൂല്യം ഗണ്യമായി വർദ്ധിച്ചു, ഇത് ലോകത്തിലെ പ്രാഥമിക കരുതൽ കറൻസി എന്ന നിലയിൽ കറൻസിയുടെ പദവിയെ ശക്തിപ്പെടുത്തി
അതേസമയം സൗദിയോടൊപ്പം പ്രാഥമിക കരുതൽ കറൻസിയായി ഡോളറിനെ പരിഗണിക്കുന്ന നിലപാടിൽനിന്ന് മറ്റു രാജ്യങ്ങളും മാറുകയാണെങ്കിൽ ക്ഷീണമുണ്ടാവുക യുഎസിന് തന്നെയാണ്. മറ്റ് രാജ്യങ്ങളുടെ കറൻസികളുടെ മൂല്യം ഡോളറിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന അവസ്ഥ ഭാവിയിൽ മാറിയേക്കാമെന്നാണ് കരുതുന്നത്. ഇത് സാമ്പത്തിക രംഗത്ത് വലിയ അഴിച്ചുപണികൾക്കാവും വഴിയൊരുക്കുക. പെട്രോഡളർ കരാർ നിർത്തലാക്കിയത് യുഎസിനാണോ അതോ മുഴുവൻ രാഷ്ട്രങ്ങൾക്കുമാണോ പണിയാവുന്നതെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയിലാണ് ഇന്ന് ആഗോളതലത്തിലെ സാമ്പത്തിക രംഗം കടന്ന് പോകുന്നതെന്ന് വ്യക്തം.
Discussion about this post