തൃശ്ശൂർ: കുവൈറ്റിലെ മാംഗെഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൃശ്ശൂർ സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി സ്വന്തം നിലയിൽ ആകും ഈ വീടിന്റെ നിർമ്മാണം.
നിലവിൽ താത്കാലിക ഷെഡ്ഡിൽ ആണ് ബിനോയുടെ ഭാര്യയും മക്കളും കഴിയുന്നത്. ഇത് അറിഞ്ഞതോടെയായിരുന്നു സുരേഷ് ഗോപി വീട് വച്ചു നൽകുമെന്ന് അറിയിച്ചത്. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യഥാർത്ഥ്യമാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു ബിനോയ് തോമസ് കുവൈറ്റിലേക്ക് പോയത്.
സ്വന്തമായി വീടില്ലാത്ത ബിനോയും കുടുംബവും വാടക വീട്ടിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. അടുത്തിടെ ഇവർ താത്കാലിക ഷെഡ്ഡ് നിർമ്മിച്ച് അവിടേയ്ക്ക് താമസം മാറുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നും മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുൻപ് തന്നെ സുരേഷ് ഗോപി ബിനോയുടെ വീട്ടിൽ എത്തിയിരുന്നു.
ഉച്ചയോടെയായിരുന്നു ബിനോയ് ഉൾപ്പെടെ കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വിമാനത്താവളത്തിൽ എത്തിച്ചത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ച ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഒരാഴ്ച മുൻപാണ് ബിനോയ് തോമസ് ജോലി തേടി കുവൈറ്റിിലേക്ക് പോയത്. വീട്ടിലെ ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം
കുന്നംകുളം വി നാഗൽ ഗാർഡൻ ബറിയൽ ഗ്രൗണ്ട് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.
Discussion about this post