തിരുവനന്തപുരം: കലാകാരൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ നൃത്താദ്ധ്യാപിക സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയോടെ അഭിഭാഷകനുമായി എത്തി സത്യഭാമ കോടതിയിൽ കീഴടങ്ങിയിരുന്നു.
പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നതുൾപ്പെടെ കർശന ഉപാധികളോടെയായിരുന്നു സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും സത്യഭാമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വ്യവസ്ഥകൾ അംഗീകരിക്കാമെന്ന് സമ്മതിച്ചതോടെ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ ജാമ്യം നൽകുന്നതിനെ ആർഎൽവി രാമകൃഷ്ണൻ എതിർത്തു. സംഭവത്തെ ചെറിയ കേസായി കാണാൻ കഴിയില്ലെന്ന് ആയിരുന്നു ആർഎൽവി രാമകൃഷ്ണന്റെ അഭിഭാഷകന്റെ വാദം. സത്യഭാമയെ കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ചു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും സത്യഭാമയുടെ അഭിഭാഷകൻ ബിഎ ആളൂർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
Discussion about this post