ചെന്നൈ: കോയമ്പത്തൂരിൽ മലയാളികളുടെ കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ രമേഷ്, വിഷ്ണു, ശിവദാസ് കൊഴിഞ്ഞാമ്പാറ സ്വദേശി അജയ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു മലയാളികൾക്ക് നേരെ ആക്രമണം നടന്നത്.
എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലംസിദ്ദിഖും, ചാൾസും സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഡിസൈൻ കടയ്ക്ക് വേണ്ട ലാപ്‌ടോപ് ഉൾപെടെയുള്ള സാധനങ്ങൾ വാങ്ങി ബെംഗളൂരുവിൽ നിന്ന് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെ മധുക്കരയിൽ വച്ച് ഇവരുടെ വാഹനം മുഖം മൂടി ധരിച്ച് എത്തിയ പ്രതികളുടെ സംഘം തടയുകയായിരുന്നു.
ഇതിന് പിന്നാലെ വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രതികൾ കാറിന്റെ ചില്ല് അടിച്ച് പൊളിച്ചു. കൂടുതൽ ആക്രമണത്തിന് മുതിരും മുൻപേ ഇരുവരും പ്രതികൾക്കിടയിലൂടെ അതിവേഗം കാറോടിച്ച് പോകുകയായിരുന്നു. ഉടൻ തന്നെ മധുക്കര പോലീസിൽ ഇവർ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മധുക്കര പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം സംഭവത്തിൽ മധുക്കര പോലീസ് കാണിച്ച ജാഗ്രത കുന്നത്തുനാട് പോലീസ് കാണിച്ചില്ലെന്ന് അസ്ലംസിദ്ദിഖും ചാൾസും പറഞ്ഞു.
Discussion about this post