മുംബൈ: ശിവസേന സ്ഥാപക ദിനത്തിൽ ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തിയെന്ന് ഷിൻഡെ കുറ്റപ്പെടുത്തി. ബാൽ താക്കറെയുടെ പേരിൽ വോട്ട് ചോദിക്കാനുള്ള ധാർമ്മികമായ അവകാശം ഉദ്ധവിന് നഷ്ടമായെന്നും ഷിൻഡെ പറഞ്ഞു.
ഇപ്പോൾ എവിടെ പോയി നിങ്ങളുടെ ഹിന്ദുത്വമെന്ന് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഷിൻഡെ ഉദ്ധവിനോട് ചോദിച്ചു. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വേണ്ടി കോൺഗ്രസിനൊപ്പം ചേർന്ന ഉദ്ധവും സംഘവും നയവഞ്ചകരാണെന്നും ഷിൻഡെ കുറ്റപ്പെടുത്തി.
ഉദ്ധവിനെ മഹാരാഷ്ട്രയിലെ ജനങ്ങൾ കൈയ്യൊഴിഞ്ഞ് തുടങ്ങിയിരിക്കുന്നു. ശിവസേനയുടെ ശക്തികേന്ദ്രങ്ങളായ കല്യാണും താനെയും ഛത്രപതി സംഭാജിനഗറും ഇന്ന് തങ്ങൾക്കൊപ്പമാണ്. ഉദ്ധവ്- കോൺഗ്രസ് അവസരവാദ സഖ്യത്തിനെതിരെ മഹാരാഷ്ട്രയിൽ ഇനിയും ജനവിധിയുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുകയാണെന്നും ഷിൻഡെ വ്യക്തമാക്കി.
Discussion about this post